യു.ഡി.എഫിന്റെ പന്തളത്തെ വിശ്വാസ സംരക്ഷണ പദയാത്ര സമാപനത്തിൽ കെ.മുരളീധരനെ കാത്തിരുന്നു മടുത്തു പ്രവർത്തകരും നേതാക്കളും. ഉച്ചയ്ക്ക് മുമ്പ് ഗുരുവായൂരിൽ നിന്നു തിരിച്ച കെ.മുരളീധരൻ പന്തളത്ത് എത്തിയത് രാത്രി 10 മണിയോടെ. മണിക്കൂറുകൾ നീണ്ട സമവായത്തിനൊടുവിൽ ആണ് പുനഃസംഘടന പിണക്കത്തിൽ മുരളീധരൻ അയഞ്ഞത്.
കാസർഗോഡ് മേഖലാജാഥയുടെ ക്യാപ്റ്റൻ കെ മുരളീധരൻ വരില്ലെന്ന വാർത്തയെ തെറ്റെന്നു പ്രതിരോധിക്കാൻ ആയിരുന്നു നേതാക്കളുടെ പരിശ്രമം. പുനസംഘടനയിൽ ഇടഞ്ഞ മുരളീധരനെ അനുനയിപ്പിക്കാൻ ശ്രമം തുടർന്നു. മൂന്നുമണിക്ക് പദയാത്ര തുടങ്ങി. ആറുമണിയോടെ പൊതുസമ്മേളനം തുടങ്ങിയപ്പോൾ മുരളീധരൻ ചങ്ങനാശ്ശേരിയിൽ എത്തിയെന്ന് നേതാക്കൾ.
രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ചെങ്ങന്നൂരിലെത്തിയെന്നായി. പിന്നെ വഴിതെറ്റിയെന്നായി. മുരളീധരൻ വരുന്നതിനു വേണ്ടി കൊടിക്കുന്നിൽ സുരേഷും പി സി വിഷ്ണുനാഥും ടി സിദ്ധിക്കും പ്രസംഗങ്ങൾ ആവോളം വലിച്ചുനീട്ടി.
നേതാക്കൾ അടക്കം പലതരത്തിൽ ശ്രമങ്ങൾ നടത്തിയെങ്കിലും ഒടുവിലാണ് മുരളീധരൻ വഴങ്ങിയത്. പത്തുമണിയോടെ വന്നപാടെ ചിരി പടർത്തി പ്രസംഗം. ജാഥാ ചുമതല കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ തീർന്നു. ഒന്നാം തീയതി ആയതുകൊണ്ടാണ് ഒഴിവായത്. നേരത്തെ തീരേണ്ട യോഗം മുരളീധരനെ കാത്ത് പത്തുമണി കഴിയും വരെ നീണ്ടു. അതൃപ്തിയിൽ അടുത്ത ദിവസം ചർച്ചകൾ നടക്കും.