ഒരു ദിവസം കടന്നു പോകുന്നതിനിടയില്‍ എത്ര കോട്ടുവാ ഇട്ടിരിക്കും. അലസമായ അവസ്ഥയിലാണെങ്കില്‍ എണ്ണാവുന്നതിലപ്പുറം.. അങ്ങനെ നിരന്തരം കോട്ടുവാ ഇടുന്നവരാണെങ്കില്‍ അല്‍പമൊന്ന് ശ്രദ്ധവേണം, ഇല്ലെങ്കില്‍ തുറന്ന വാ അടയ്ക്കാന്‍ പറ്റാതെയാകും. കോട്ടുവാ ഇട്ടതിന് ശേഷം വായ അടക്കാന്‍ പറ്റാതായ സംഭവം നടന്നത് പാലക്കാട് റെയില്‍വേ സ്റ്റേഷനിലാണ്. കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസിലെ യാത്രക്കാരനാണ് കോട്ടുവായ ഇട്ടതിന് ശേഷം വായ അടക്കാൻ കഴിയാതെ വന്നത്.
ടി.എം.ജെ ഡിസ് ലോക്കേഷൻ എന്ന താടിയെല്ലുകൾ സ്തംഭിക്കുന്ന അവസ്ഥയാണ യാത്രക്കാരനുണ്ടായത്. വിവരമറിഞ്ഞയുടനെ യാത്രക്കാരന് റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ അടിയന്തര വൈദ്യ സഹായം നൽകി. പാലക്കാട് റെയിൽവേ ആശുപത്രിയിലെ ഡിവിഷണൽ മെഡിക്കൽ ഓഫീസർ പി.എസ് ജിതൻ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയാണ് ചികിത്സ നൽകിയത്. യാത്രക്കാരൻ അതേ ട്രെയിനില്‍ യാത്ര തുടർന്നു.
ടെമ്പോറോമാൻഡിബുലാർ ജോയിന്റ് ഡിസ്‌ലൊക്കേഷൻ എന്ന അവസ്ഥയാണിത്. കീഴ്ത്താടിയെല്ലിന്റെ 'ബോൾ-ആൻഡ്-സോക്കറ്റ്' സന്ധി അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് തെറ്റിപ്പോകുന്ന അവസ്ഥയാണിത്. ടി.എം.ജെ ഡിസ് ലോക്കേഷൻ സംഭവിച്ചാല്‍ വായ തുറന്ന അവസ്ഥയിൽ ലോക്ക് ആവുക, വേദന, സംസാരിക്കാനും വായ അടയ്ക്കാനുമുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. അമിതമായി കോട്ടുവാ ഇടുമ്പോഴോ അപകടങ്ങളിലോ പ്രത്യേക രോഗാവസ്ഥകളിലോ ആണ് ടി.എം.ജെ ഡിസ് ലോക്കേഷൻ സംഭവിക്കുന്നത്.
ഡോക്ടര്‍ക്ക് കൈകൊണ്ട് സന്ധിയെ പൂർവ്വസ്ഥിതിയിലാക്കാന്‍ സാധിക്കും. എന്നാല്‍ ഗുരുതരമായ അവസ്ഥയില്‍ ശസ്ത്രക്രിയആവശ്യമായി വന്നേക്കാം.