Image: instagram.com/backpacker_arunima
അപരിചിതനൊപ്പമുള്ള തുര്‍ക്കിയിലെ കാര്‍യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തിന്‍റെ പേരില്‍ തന്നെ കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടിയുമായി ട്രാവല്‍ വ്ലോഗര്‍ അരുണിമ. ഒരു കാറിൽ ലിഫ്റ്റ് ലഭിച്ചപ്പോൾ വാഹന ഉടമ അരുണിമ കാൺകെ സ്വയംഭോഗം ചെയ്യുകയായിരുന്നു. അയാളുടെ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി അരുണിമ പങ്കുവച്ച വിഡിയോ വൈറലാകുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയും ചെയ്തു. ഒട്ടേറെപ്പേര്‍ അരുണിമയെ പിന്തുണച്ചും ഡ്രൈവറുടെ പ്രവൃത്തിക്കെതിരെ നിലപാടെടുത്തും രംഗത്തെത്തി. അതേസമയം തന്നെ അരുണിമയ്ക്കെതിരെ സൈബർ ആക്രമണവുമുണ്ടായി. അരുണിമയെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള റിയാക്ഷന്‍ വിഡിയോകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോളിതാ ഇതിനെതിരെ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അരുണിമ.
താന്‍ പ്രലോഭിപ്പിച്ചതുകൊണ്ടാണ് അയാള്‍ സ്വയംഭോഗം ചെയ്തത്, റീച്ചിന് വേണ്ടിയാണ് വിഡിയോയിട്ടത് എന്നെല്ലാം ആളുകള്‍ പറയുന്നുണ്ടെന്നും ഇതൊന്നും പറയുമ്പോള്‍ ‘ഉളുപ്പില്ലേ’ എന്നും അരുണിമ രൂക്ഷമായ ഭാഷയില്‍ ചോദിക്കുന്നു. സ്വന്തം വീട്ടിലുള്ളവര്‍ക്ക് ഇത്തരം അനുഭവമുണ്ടായാല്‍ ഇവര്‍ ഇങ്ങനെ റിയാക്ഷന്‍ വിഡിയോ ഇടുമോ എന്നും അരുണിമ ചോദിക്കുന്നുണ്ട്. ഇങ്ങനെയുള്ള ആക്ഷേപങ്ങള്‍ ഒന്നും പൊതുവേ മൈന്‍ഡ് ചെയ്യാറില്ലെന്നും എന്നാല്‍ എല്ലാ പരിധികളും ലംഘിച്ചതുകൊണ്ടാണ് ഇങ്ങനെ ഒരു വിഡിയോ ഇടുന്നതെന്നും അരുണിമ വിഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. 'ഉളുപ്പിലാത്ത ചില മലയാളികള്‍' എന്ന തലക്കെട്ടോടെയാണ് അരുണിമ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘ഇത്രയും മോശമായി ചിത്രീകരിക്കാൻ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നു. സ്വന്തമായി ഒരു കഴിവും ഇല്ലാത്ത ആളുകൾ എന്നെപ്പോലെയുള്ള യാത്ര ചെയ്യുന്ന ആളുകളെയും സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വിഡിയോ ചെയ്യുന്ന ആളുകളെയും ഏറ്റവും കൂടുതൽ റീച്ചുള്ള വിഡിയോ എടുത്തുനോക്കി അതിനെ വിമർശിച്ച് വിഡിയോ ഉണ്ടാക്കി കാശുണ്ടാക്കുന്നു. ഈ പ്രവണത ഞാൻ കുറച്ചു നാളുകളായി കണ്ടുവരുന്നു. സ്വന്തമായി ഒന്നും ചെയ്യാൻ കഴിവില്ലാത്തത് ആരുടെയും തെറ്റല്ല‼ എന്നാൽ മറ്റുള്ളവരെ മോശമാക്കി ഇങ്ങനെ വിഡിയോ ചെയ്തു പൈസ ഉണ്ടാക്കി ജീവിക്കുന്ന ആളുകളോട് എനിക്ക് വെറും പുച്ഛം മാത്രം. നെഗറ്റീവ് മാത്രം ആളുകളിൽ എത്തിക്കാതെ സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്തു പോസിറ്റീവ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക. ഞാൻ എന്‍റെ അനുഭവങ്ങളാണ് ഇടുന്നത് അത് നല്ലതാണെങ്കിലും മോശമാണെങ്കിലും. എന്തിനെയും ഏതിനെയും മോശമായി കാണാൻ മാത്രം കുറെ ആളുകള്‍. കുറെ കാര്യങ്ങൾ ഒന്നും ഞാൻ മൈൻഡ് ചെയ്യാറില്ല എന്നാൽ ഒരുപാട് ആകുമ്പോൾ എല്ലാവരും എന്‍റെ തലയിൽ കേറിയിരിക്കുന്ന പോലെ എനിക്ക് തോന്നി അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വിഡിയോ ചെയ്തത്…!!’ അരുണിമ കുറിച്ചു.
ഇതിന് മുന്‍പും ഇതേവിഷയത്തില്‍ പ്രതികരണവുമായി അരുണിമ രംഗത്തെത്തിയിരുന്നു. താൻ റീച്ചിന് വേണ്ടിയല്ല ഇതിട്ടതെന്നും കെഎസ്ആർടിസി ബസ്സിൽ വച്ച് ഇതിന് സമാനമായ അനുഭവങ്ങൾ ഒരുപാട് പേർക്ക് ഉണ്ടായിയിട്ടുണ്ട്, അതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം എന്നും അന്ന് അരുണിമ ചോദിച്ചിരുന്നു. ഒരുപാട് ചിന്തിച്ചതിനുശേഷം ആണ് ഞാൻ ഈ ഒരു വിഡിയോ ഇട്ടത്. ഇൻസ്റ്റഗ്രാമിൽ പൈസ ഒന്നും കിട്ടില്ല വിഡിയോ ഇട്ടാൽ... യൂട്യൂബിൽ ഇങ്ങനെയുള്ള വിഡിയോകൾക്ക് മോണിറ്റൈസേഷൻ ഇല്ല... റീച്ചിനുവേണ്ടി ഇതൊക്കെ ഇടുന്നു എന്ന് പറഞ്ഞു വരുന്നവർക്ക് വേണ്ടിയിട്ടുള്ള മറുപടിയാണിതെന്നും മുന്‍പ് അരുണിമ കുറിച്ചിരുന്നു.
തുർക്കിയിലെ നെവ്ഷീർ എന്ന സ്ഥലത്തേക്ക് പോകാൻ ലിഫ്റ്റ് നോക്കി നില്‍ക്കവെയാണ് അരുണിമയ്ക്ക് ദുരനുഭവമുണ്ടായത്. ഏറെ നേരത്തെ കാത്തു നിൽപ്പിന് ശേഷമാണ് ഒരു ലിഫ്റ്റ് ലഭിക്കുന്നത്. കാറിൽ കയറിയപ്പോൾ കാറിന്‍റെ ഡ്രൈവർ അരുണിമയോട് അശ്ലീലം സംസാരിക്കുകയും സ്വയംഭോഗം ചെയ്യാനും തുടങ്ങി. അരുണിമ കാർ ഡ്രൈവറെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അയാൾ പ്രവർത്തി തുടരുകയായിരുന്നു. വിഡിയോ എടുക്കരുതെന്നും ഇതിനിടയിൽ അയാൾ പറയുന്നുണ്ടായിരുന്നു. പിന്നീട് ഒരു ഫ്യുവൽ സ്റ്റേഷനിൽ അരുണിമയെ ഇറക്കിവിട്ട ശേഷം അയാൾ പോകുകയായിരുന്നു. 54 രാജ്യങ്ങൾ സഞ്ചരിച്ചിട്ടും ഇത്രയും മോശം അനുഭവം എവിടെ നിന്നും ഉണ്ടായിട്ടില്ലെന്നാണ് അരുണിമ പറഞ്ഞിരുന്നു. തുര്‍ക്കിയിലെ എല്ലാവരും മോശമക്കാരല്ലെന്നും വിഡിയോയിലൂടെ അരുണിമ വ്യക്തമാക്കിയിരുന്നു.
ട്രാവൽ വ്ലോഗ് വിഡിയോകളിലൂടെ സൈബറിടത്തെ നിറ സാന്നിധ്യമാണ് അരുണിമ ബാക്ക്പാക്കർ. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമയ്ക്ക് ഒട്ടേറെ ആരാധകരാണുള്ളത്. ഹിച്ച്‌ഹൈക്കിങ് ചെയ്തുകൊണ്ട് നടത്തുന്ന യാത്രകളുടെ വിഡിയോസ് പങ്കുവെച്ചുകൊണ്ടാണ് അരുണിമ ശ്രദ്ധ നേടിയത്. അരുണിമ ബാക്ക്പാക്കര്‍ എന്ന അക്കൗണ്ടിലൂടെയും പേജിലൂടെയും ഇവര്‍ യാത്രചെയ്യുന്ന നിരവധി വിഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. പല രാജ്യങ്ങളിലൂടെയും ഇവര്‍ സഞ്ചരിക്കാറുണ്ട്. പല മനുഷ്യരെ കണ്ട അനുഭവങ്ങളും കഥകളും പങ്കുവെക്കുന്ന വിഡിയോകള്‍ക്ക് ഒട്ടേറെ കാഴ്ചക്കാരുമുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ്മുണ്ട് അരുണിമയ്ക്ക്.