സെലിബ്രിറ്റികള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ കുട്ടികളെ പറഞ്ഞുവിടുന്ന മാതാപിതാക്കളോട് പുച്ഛവും സഹതാപവുമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. കുട്ടികള്‍ ആവേശത്തില്‍ അതിന് ശ്രമിച്ചാലും അവരെ പിന്തിരിപ്പിക്കാനും ആത്മാഭിമാനം എന്തെന്ന് പഠിപ്പിച്ചുകൊടുക്കാനും ചെയ്യുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്.
പൊതുസ്ഥലത്തെങ്കിലും താരാരാധന അടക്കിനിര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. പൊതുചടങ്ങിനിടെ സെല്‍ഫി എടുക്കാനോ ഹസ്തദാനം ചെയ്യാനോ മോഹന്‍ലാലിനടുത്തേക്ക് പോകുന്ന ഒരു കുട്ടിയുടെ വിഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഈ സംഭവവുമായി ബന്ധപ്പെട്ട കാരിക്കേച്ചര്‍ കൂടി പങ്കുവച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
‘സെലിബ്രിറ്റികൾ എപ്പോഴും ഒരേ മൂഡിൽ ജനക്കൂട്ടത്തിന്‍റെ ആരാധന സഹിച്ചും ക്ഷമിച്ചും വിധേയഭാവത്തിൽ നിൽക്കണമെന്ന ആഗ്രഹം ഒരു തരത്തില്‍ പൊതുജനങ്ങളുടെ അഹങ്കാരമാണ്. തങ്ങളാണ് താരങ്ങളെ ഈ നിലയിലെത്തിച്ചതെന്ന അഹങ്കാരം! സെലിബ്രിറ്റികളുടെ കൂടെ പടമെടുത്താൽ സെലിബ്രിറ്റിയാവില്ല. അവരൊക്കെ അവരുടെ കഴിവുകളിലൂടെ വളർന്നവരാണ്. കഴിവുള്ളവരെ അകന്നു നിന്ന് ആദരിക്കാനും സ്വയം പരിശീലനം നൽകണം.’ – ശാരദക്കുട്ടി പറയുന്നു.
പല തിരക്കുകളിലൂടെയും സംഘർഷങ്ങളിലൂടെയും ഒക്കെയാണ് അവരും കടന്നുപോകുന്നത്. ഓരോരുത്തർക്കും അർഹിക്കുന്നതിലധികം ബഹുമാനവും സ്നേഹവും ഒക്കെ കൊടുത്താൽ നിന്ദ തിരിച്ചു കിട്ടിയെന്നുമിരിക്കും. കുട്ടികളെ സെൽഫ് റെസ്പെക്റ്റ് പരിശീലിപ്പിക്കുക. കാണുന്ന പ്രശസ്തരുടെ എല്ലാം കാലിൽ തൊട്ടു തൊഴാൻ അവരെ പറഞ്ഞയക്കരുതെന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.