Image credit: facebook/UllasPandalam
മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഉല്ലാസ് പന്തളം. കോമഡി ഷോയിലൂടെ വന്‍ ആരാധകരെ സൃഷ്ടിച്ച ഉല്ലാസ്, സിനിമയിലും ഇടക്കാലത്ത് സജീവമായി. സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവല്ലയില്‍ എത്തിയതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഞെട്ടിക്കുന്ന രോഗാവസ്ഥയെ മറച്ചുവയ്ക്കാതെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ താരം പൊതുവേദിയില്‍ എത്തുകായായിരുന്നു. കൗണ്ടറുകളുടെ മാലപ്പടക്കം തീര്‍ക്കുന്ന താരം വേദിയിലെത്തിയത് ഊന്നുവടിയുടെ സഹായത്തോടെയാണ്. മുഖത്തിന്‍റെ ഒരുഭാഗം കോടിയത് പോലെയും കാണാം.
സ്ട്രോക്ക് വന്നതില്‍ പിന്നെയാണ് നടന് ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടമായത്. ബലക്ഷയമുണ്ടായതിനാല്‍ നടക്കാന്‍ പരസഹായം വേണം. ശബ്ദമുയര്‍ത്തി വ്യക്തതയോടെ സംസാരിക്കാനും കഴിയുന്നില്ല. വാക്കിങ് സ്റ്റിക്കിലൂന്നിയാണ് താരം നിന്നതും.
പരിപാടി കഴിഞ്ഞ പോകാനിറങ്ങിയതും ഉല്ലാസ് പന്തളത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞു. വേഗം സുഖമായി സ്റ്റേജുകളിലേക്ക് തിരിച്ചെത്താന്‍ നിരവധി പേരാണ് പ്രാര്‍ഥനാശംസകള്‍ പങ്കുവച്ചിരിക്കുന്നത്.