ഡിജിറ്റല്‍ കാലത്ത് നാണയവും സ്റ്റാംപും ശേഖരിക്കുന്ന എത്ര കുട്ടികളുണ്ട്. പക്ഷേ അന്‍പത്തിയേഴാം വയസിലും നാണയവും സ്റ്റാംപുമൊക്കെ എവിടെക്കിട്ടിയാലും സ്വന്തമാക്കുന്നയാളാണ് കോട്ടയം എരുമേലിയില്‍ വ്യാപാരിയായ സിപി മാത്തന് ചാലക്കുഴി. ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധി ചിത്രം പതിഞ്ഞ മുന്നൂറിലേറെ സ്റ്റാംപുകള്‍ കാണിച്ചുതരുകയാണ് സിപി മാത്തന്.
ഗാന്ധിചിത്രമുള്ള സ്റ്റാംപുകൾ, ഫസ്റ്റ് ഡേ കവറുകൾ, സ്പെഷൽ കവറുകൾ, മിനിയേച്ചർ ഷീറ്റുകൾ, സ്പെഷൽ ക്യാൻസൽഡ് പോസ്റ്റ് കാർഡുകൾ,, നാണയങ്ങള്‍. ഇങ്ങനെ സിപി മാത്തന് ചാലക്കുഴിയുടെ എരുമേലി മണിപ്പുഴയിലെ വീട്ടില്‍ വലിയൊരു ശേഖരം കാണാം.
160 രാജ്യങ്ങൾ ഗാന്ധി സ്റ്റാംപ് ഇറക്കിയതിൽ എണ്പതു ശതമാനം സ്റ്റാംപുകളും മാത്തന് ശേഖരിച്ചു. ഗാന്ധിജിയുടെ ചിത്രം മാത്രമുളള മുന്നൂറിലധികം സ്റ്റാംപുകള്‍ ഉണ്ട്.
25 വർഷമായി തുടരുന്ന നാണയ ശേഖരണത്തിനൊപ്പമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി സ്റ്റാംപും ഇടംപിടിച്ചത്. അപൂര്‍വമായ ഖാദിത്തുണിയിൽ ഗാന്ധിചിത്രം അടങ്ങിയ സ്റ്റാപും കൈവശമാക്കി. എട്ടു രാജ്യങ്ങൾ ഗാന്ധിചിത്രമുള്ള നാണയം ഇറക്കിയിട്ടുണ്ട്. ഇവയ്ക്കെല്ലാം പഴക്കമേറുന്തോറും വിലയേറും. ഭാര്യ ആശയാണ് നാണയശേഖരണത്തിലേക്ക് എത്തിച്ചത്. ഇപ്പോള്‍ മക്കളായ റബേക്കയും ക്രിസ്റ്റീനയും പിന്തുണ നല്കുന്നു. എരുമേലിയിലെ വ്യാപാരിയാണ് സിപി മാത്തന് ചാലക്കുഴി.