temple-letter

TOPICS COVERED

വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് വിപുലമായി സംഘടിപ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും  മന്ത്രി വി.ശിവന്‍കുട്ടിയും  കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി. തിരൂർ തുഞ്ചൻ പറമ്പിൽ പുലർച്ചെ അഞ്ചിന്  വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. മൂവായിരത്തോളം കുട്ടികളാണ് തുഞ്ചൻ പറമ്പിൽ ആദ്യാക്ഷരം കുറിക്കാൻ എത്തിയത്. പാരമ്പര്യ എഴുത്താശാന്മാരും സാഹിത്യകാരന്മാരും രണ്ട് മണ്ഡപങ്ങളിലായി വിദ്യാരംഭത്തിന് നേതൃത്വം നൽകി.  എം.ടി.വാസുദേവൻ നായർ ഇല്ലാത്ത ആദ്യ വിദ്യാരംഭം കൂടിയായിരുന്നു തുഞ്ചൻ സ്മാരകത്തിലേത്.

തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ സംഗീതത്തിലും നൃത്തത്തിലും ചിത്രകലയിലും കുട്ടികൾ അറിവിന്‍റെ ലോകത്തേയ്ക്ക് കടന്നു. ഗുരുക്കന്മാർ 400 ലേറെ കുരുന്നുകൾക്ക് അറിവ് പകർന്നു നല്കി. പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. ആയിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്

കൊച്ചിയിൽ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും ആദ്യാക്ഷരം കുറിക്കാനെത്തിയത് ആയിരങ്ങൾ. രാവിലെ എട്ടരയോടെയാണ് ചോറ്റാനിക്കരയിൽ എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ ആദ്യാക്ഷരം  കുറിക്കാന്‍ വന്‍ തിരക്കായിരുന്നു. പുലർച്ചെ നാലുമണിക്ക് ചടങ്ങുകൾ തുടങ്ങി. 40 ആചാര്യന്മാരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. വിജയദശമി ദിനത്തിൽ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍റെ തിരുനടയിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ. രാവിലെ സരസ്വതീ മണ്ഡപത്തിൽ പുതുമന ഈശാനൻ നമ്പൂതിരി കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു. വിദ്യാരംഭദിനത്തിൽ എഴുത്തിനിരുന്ന ഓർമകൾ പങ്കുവച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. അറിവ് ഇരുട്ടിനെ അകറ്റുമെന്ന്  പറവൂരിൽ കുട്ടികളെ എഴുത്തിനിരുത്തിയ ശേഷം വി.ഡി.സതീശൻ പ്രതികരിച്ചു.

ഉറ്റവർ ഉപേക്ഷിച്ച ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് മന്ത്രി വി. ശിവൻകുട്ടി. അമ്മമാർ ഉപേക്ഷിച്ച കുഞ്ഞുങ്ങൾക്ക് അ അമ്മ എന്ന് പറഞ്ഞാണ് മന്ത്രി ഹരിശ്രീ കുറിച്ചത്. മന്ത്രി മന്ദിരത്തിൽ നടന്ന ചടങ്ങിൽ 9 കുരുന്നുകൾ അക്ഷര ലോകത്തേക്ക് ചുവടുവെച്ചു. വിജയദശമി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര ഈശ്വരി അമ്മൻ സരസ്വതി ക്ഷേത്രത്തിൽ നടന്ന ബാലസരസ്വതി പൂജയിൽ സുരേഷ് ഗോപി പങ്കെടുത്തു.

ENGLISH SUMMARY:

Vidyarambham marks the beginning of education for young children. Ceremonies were widely held at temples and cultural centers, with leaders initiating children into learning.