കയർ കുരുങ്ങി 2 ദിവസമായി തല കീഴായി താഴ്ചയിൽ വീണു കിടന്ന ഗർഭിണി പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മൈലപ്ര പഞ്ചായത്തുപടിയിൽ മഹേഷ് മാധവ വിലാസത്തിൽ സരളയുടെ ഏക ഉപജീവന മാർഗ്ഗമായ, 3 മാസം ഗർഭിണിയായ പശുവിനാണ് റബർ തോട്ടത്തിൽ പുല്ല് മേയുന്നതിനിടയിൽ അപകടം പറ്റിയത്. കയർ കുരുങ്ങി തല കീഴായി കിടന്ന പശുവിനെ വീട്ടുകാരും നാട്ടുകാരും രക്ഷപ്പെടുത്താൻ 2 ദിവസമായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പശുവിനെ രക്ഷിക്കാൻ ഇനി കഴിയില്ലെന്ന് തോന്നിയ വീട്ടുകാർ ഇറച്ചി വെട്ടുകാരെ വിവരം അറിയിച്ചു. അവർ വന്നെങ്കിലും തന്റെ പൊന്നോമനയായ പശുവിനെ ഇറച്ചി വെട്ടുകാർക്ക് നൽകാൻ സരളയ്ക്ക് മനസ്സ് വന്നില്ല.
വാർഡ് അംഗത്തിന്റെ നിർദേശ പ്രകാരം സരള പത്തനംതിട്ട അഗ്നിരക്ഷാ കേന്ദ്രത്തിന്റെ സഹായം അഭ്യർഥിച്ചു. സ്ഥലത്തെത്തിയ അസി.സ്റ്റേഷൻ ഓഫിസർ എ.സാബു ഇത്രയും ആഴമുള്ള കുഴിയിൽ നിന്ന് ഗർഭിണി പശുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള സാങ്കേതിക പ്രശ്നം സരളയോട് ബോധിപ്പിച്ചു. മണ്ണുമാന്തി യന്ത്രത്തിന്റെ സേവനം ലഭ്യമാക്കാൻ നിർദേശിച്ചെങ്കിലും അതിനുള്ള സാമ്പത്തികം ഇല്ലെന്ന് വിഷമത്തോടെ സരള അറിയിച്ചു. തുടർന്ന് സേന സംഭവ സ്ഥലത്ത് എത്തി റോപ്പ്, പഴയ ഹോസ് എന്നിവ ഉപയോഗിച്ച് രണ്ടര മണിക്കൂർ നേരത്തെ കഠിന പരിശ്രമത്തിനൊടുവിൽ പശുവിനെ സാഹസികമായി കൈ ചുമടായി സരളയുടെ വീട്ടിലെ തൊഴുത്തിൽ എത്തിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എസ്.രഞ്ജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അസിം അലി, മോഹനൻ, വിഷ്ണു വിജയ്, ഷാംജികുമാർ, അനുരാജ്, മായ, അഞ്ജു, ഹോം ഗാർഡുമാരായ ലത പ്രദീപ്, പ്രസന്നൻ, അജയകുമാർ, രാജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി