അവധി ദിനത്തില്‍ വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന 101 കുപ്പി മദ്യം അമ്പലപ്പുഴയിൽ നടത്തിയ റെയ്ഡിൽ എക്സൈസ് പിടികൂടി. പുറക്കാട് സ്വദേശി പുതുവൽ വീട്ടിൽ ശിവജിയെ അറസ്റ്റു ചെയ്തു. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തി പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മദ്യ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ശിവജി എക്സൈസിനെ കണ്ട് വല സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. വല സഞ്ചിയിൽ ആയതിനാൽ തന്നെ ഇത് കായലിൽ പൊങ്ങിവന്നു, പിന്നീട് നടത്തിയ തിരിച്ചിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്.
ഡ്രൈ ഡേ വിൽപന നോക്കി ഇയാൾ കൂടുതൽ മദ്യം അനധികൃതമായി വാങ്ങുകയും മദ്യ കുപ്പികൾ കായലിൽ ഒളിപ്പിച്ചു വയ്ക്കുകയുമായിരുന്നെന്ന് എക്സൈസ് പറഞ്ഞു. ആവശ്യക്കാർക്ക് അര ലിറ്ററിന് അറുന്നൂറ് രൂപയ്ക്കായിരുന്നു വിൽപന.