സംസ്ഥാനത്തെ ആദ്യത്തെ വന്യജീവി സങ്കേതമായ പെരിയാർ കടുവ സങ്കേതത്തിന് എഴുപത്തിയഞ്ച് വയസ്. കടുവകളും ആനകളും കാട്ടുപോത്തുമടങ്ങുന്ന സമ്പന്നമായ വന്യജീവികളുടെ സാന്നിധ്യമാണ് പെരിയാറിനെ വേറിട്ടതാക്കുന്നത്. രണ്ട് ജില്ലകളിലായി 925 സ്ക്വയർ കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന ഹരിതാഭകൂടിയാണ് പെരിയാർ കടുവ സങ്കേതം.
മുല്ലപ്പെരിയാർ ഡാമിനോളം തന്നെ ചരിത്രമുണ്ട് പെരിയാർ കടുവ സങ്കേതത്തിന്. ആദ്യം പെരിയാർ ലേക്ക് റിസർവെന്നായിരുന്നു പേര്. പിന്നീട് പെരിയാർ ലേക് റിസർവ്വ് നെല്ലിക്കാംപട്ടിയെന്ന പേരിൽ 1935 ൽ സംസ്ഥാനത്തെ ആദ്യത്തെ വന്യജീവി സങ്കേതമായി മാറി. പെരിയാർ കടുവ സങ്കേതമായി 1950 ലാണ് പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക രേഖകളിലാണ് ഈ പേരുമാറ്റമെല്ലാം. മുല്ലപ്പെരിയാർ ഡാമിന് ചുറ്റുമായി വ്യാപിച്ച് കിടക്കുന്ന 925 സ്ക്വയർ കിലോമീറ്റർ പ്രദേശം അത്യപൂർവ്വമായ സസ്യങ്ങളാൽ സമ്പന്നമാണ്
കടുവകളും കാട്ടാനകളും കാട്ടുപോത്തുകളും മ്ലാവും മാനും കേഴയും കരടിയുമടക്കം 76 സസ്തനികളും ഈ വനമേഖലയിൽ അധിവസിക്കുന്നു. വന്യ ജീവികൾ മാത്രമല്ല. വിവിധ ആദിവാസി വിഭാഗത്തിൽപ്പെട്ട മനുഷ്യരും ഈ കാടിനെ ആശ്രയിച്ച് അധിവസിക്കുന്നുണ്ട്. ഇവർക്ക് വേണ്ടി ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ എക്കോ ഡെവലപ്പ്മെന്റ് പദ്ധതി ലോക ശ്രദ്ധയിലിലെത്തി. വനം വകുപ്പ് നടപ്പിലാക്കുന്ന വിവിധ ടൂറിസം പദ്ധതികളിലൂടെയാണ് സാധാരണക്കാർക്ക് പെരിയാറിനെ അറിയാനുള്ള അവസരമൊരുക്കുന്നത്. വിദേശികളടക്കം പതിനായിരക്കണക്കിന് പേർ ഓരോ വർഷവും പെരിയാറിലെത്തി മടങ്ങുന്നു. ഇത് ഈ പ്രദേശത്തിന്റെ സാമ്പത്തിക അടിത്തറ കൂടിയാണ്. സിൽവർ ജൂബലിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്