പ്രായം വകവയ്ക്കാതെ രണ്ടു വീട്ടമ്മമാർ വരച്ചെടുത്ത ചിത്രങ്ങൾ ഇനി കണ്ടാലോ.തൃശൂർ ആർട്ട് ഗാലറിയിലെ ചിത്രപ്രദർശനത്തിനത്തിൽ ഇരുവരും വരച്ച ചിത്രങ്ങൾ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. പൂമരങ്ങളും പൊലിവള്ളികളും എന്നാണ് ചിത്രപ്രദർശനത്തിന്റെ പേര്. ചിത്രകാരികൾ 70 കാരിയായ കെ മാധവിയും 62 കാരിയായ ദേവു നെന്മാറയും. നാലു ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെടുന്നവരല്ല തങ്ങൾ എന്നാണ് ഈ അമ്മമാർ തെളിയിച്ചിരിക്കുന്നത്. പെൻസിലും ബ്രഷുമെടുക്കുമ്പോൾ ആ വിരലുകൾ വിറയ്ക്കുന്നില്ല, ഓർമകൾ മങ്ങുന്നില്ല.
കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മാധവി 15 വർഷം മുമ്പാണ് ജീവിതം വരച്ചെടുക്കാൻ തുടങ്ങിയത്. വർണ്ണം കൊടുക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷം ആയതേയുള്ളൂ. കുട്ടിക്കാലത്തെ വേനലും മഴയും അതിലൂടെ കടന്നുപോയ ജീവിതവുമാണ് മാധവിയുടെ കാൻവാസിലെ ആകർഷണം.
യുവതലമുറ കോവിഡ് കാലത്ത് സമൂഹ മാധ്യമങ്ങളിൽ സജീവമായപ്പോൾ കൂലിപ്പണിക്കാരിയായ ദേവു നെന്മാറ മറ്റൊരു ദിശയിലേയ്ക്കാണ് മാറി ചിന്തിച്ചത്. അതിപ്പോൾ എത്തി നിൽക്കുന്നത് തൃശ്ശൂരിലെ ആർട്ട് ഗ്യാലറിയിൽ, ശ്രമിച്ചാൽ ആർക്കും എന്തും നേടിയെടുക്കാം എന്ന് ദേവു അമ്മ കാണിച്ചു തരുന്നു. പ്രായം അവരുടെ ആവേശം കെടുത്തുന്നില്ല. ഒന്നിച്ച് അവർ ഓർമകളിൽ ചായമിടുന്നു. ആ വരകളിലുും നിറങ്ങളിലും ജീവിതം പ്രതിഫലിക്കുന്നതു കാണാൻ കാണാൻ നിരവധി പേരാണ് തൃശൂർ ആർട്ട് ഗാലറിയിൽ എത്തുന്നത്.