അമൃതാനന്ദമയിയെ ആദരിച്ച സംസ്ഥാന സർക്കാരിൻ്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെയടക്കം പഴയ പ്രസംഗങ്ങളാണ് കുത്തിപ്പൊക്കിയിരിക്കുന്നത്. അമൃതാനന്ദമയിയെ ആദരിച്ച സംസ്ഥാന സർക്കാരിൻ്റെ നടപടി വിമർശിക്കപ്പെടുന്നതിനിടെ പോസ്റ്റുമായി മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ്റെ മകൻ ജെയ്ൻ രാജ് രംഗത്ത് വന്നിരുന്നു 'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട' എന്നാണ് ജെയ്ൻ ഫെയ്സ് ബുക്കിൽ കുറിച്ചത്.
ഇപ്പോഴിതാ സംവിധായകൻ പ്രിയനന്ദനനും വിമർശിച്ച് രംഗത്ത് വന്നു. കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ നടപടി രാഷ്ട്രീയ പാപ്പരത്തവും സാംസ്കാരികമായ പിന്നോട്ടുപോക്കുമായി മാത്രമേ കാണാൻ കഴിയൂ എന്ന് പ്രിയനന്ദനൻ പറഞ്ഞു. സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾക്ക് നേരെയുളള നിശബ്ദമായ വെല്ലുവിളിയാണെന്നും പ്രിയനന്ദനൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഏതു വിധേനയും വോട്ട് നേടാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. അമൃതാനന്ദമയിയെ കുറിച്ച് പുസ്തകം എഴുതിയ അമേരിക്കക്കാരിയെ അഭിമുഖം നടത്തിയ ജോൺ ബ്രിട്ടാസിനെ കടന്നാക്രമിക്കുന്നതാണ് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ പോസ്റ്റ്. ‘ആദ്യം അയ്യപ്പൻ്റെ മഹത്വം തിരിച്ചറിഞ്ഞു, ഇപ്പോഴിതാ മാതാ അമൃതാനന്ദമയിയുടെ മഹത്വവും സഖാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. വൈകിയാണെങ്കിലും വിപ്ലവകാരികൾ ഇതൊക്കെ തിരിച്ചറിഞ്ഞതിൽ നമുക്ക് സന്തോഷിക്കാം’ എന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സർക്കാർ ആദരിച്ചത്.