ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം

എഐ കാലമാണ് സോഷ്യല്‍ മീ‍ഡിയയില്‍ കാണുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിക്കരുത് എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എഐ ആണെന്ന് തിരിച്ചറിയാല്‍ പറ്റിയില്ലെങ്കില്‍ വിശ്വസിച്ചുപോകുക തന്നെ ചെയ്യും. അത്രയും ‘ഒറിജിനലാണ്’ ഇന്ന് എഐ. അത്തരത്തില്‍ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉടനീളം പ്രചരിക്കുന്നത്. ‘രാഹുല്‍ - അശ്വതി ചേച്ചി' പ്രണയകഥ. എവിടെയെല്ലാം ഈ കഥ പ്രത്യക്ഷപ്പെട്ടോ അവിടെയെല്ലാം ഇരുവര്‍ക്കും ആശംസകളും സ്നേഹവും നിറഞ്ഞ് ആളുകളുമെത്തി. എന്നാല്‍ സത്യമെന്തെന്നാൽ കഥയും കഥാപാത്രങ്ങളും തികച്ചുംസാങ്കൽപികം മാത്രമാണ്. വീല്‍ചെയറില്‍ ഇരിക്കുന്ന യുവതിയുടേയും സമീപത്ത് നില്‍ക്കുന്ന യുവാവിന്‍റെയും ചിത്രമടക്കമാണ് കഥ പ്രചരിക്കുന്നത്. എന്നാല്‍ ഓണ്‍ലൈനിലെ എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ചാല്‍ ഈ ചിത്രം ‘റിയലല്ല, എഐ ആണ്’ എന്ന് മനസിലാകും. 

Image Credit: undetectable.ai/ai-image-detector

പ്രചരിക്കുന്ന കുറിപ്പ്

എന്റെ ജീവൻ രക്ഷിക്കാൻ തന്റെ കാലുകൾ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്. പ്രായം കൊണ്ട് 5 വയസിന് മൂത്തവൾ, ഇരുകാലുകളും നഷ്ടപ്പെട്ടവൾ, വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയുടെ മകൾ , ജാതിയിൽ താഴ്ന്നവൾ, സാമ്പത്തികമായി പിന്നോട്ട് നിക്കുന്നവർ. അങ്ങനെ ഒരുപാട് കടമ്പകൾ കടന്നാണ് ഈ വിവാഹത്തിലേക്ക് എത്തിച്ചേർന്നത്.

എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് അശ്വതി ചേച്ചിക്ക് തന്റെ കാലുകൾ നഷ്ടപ്പെടുന്നത്. നമ്മുടെ വീട്ടിൽ ജോലിക്ക് നിന്ന രമണി അമ്മയുടെ മകളാണ് അശ്വതി ചേച്ചി. രാവിലെ രമണിയമ്മയും ചേച്ചിയും ഞങ്ങടെ വീട്ടിലേക്ക് വരും. ഇവിടെ നിന്നാണ് ചേച്ചി സ്കൂളിൽ പോകുന്നത്. തിരിച്ചും ഇങ്ങോട്ട് തന്നെ വരും. പിന്നേ രാത്രി ആകുന്നതുവരെ നമ്മൾ രണ്ടും കൂടി കളിക്കും. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അശ്വതി ചേച്ചിയെ.

അങ്ങനെ ഒരു ദിവസം അശ്വതി ചേച്ചി സ്കൂളിൽ നിന്നും വരുന്നതും കാത്ത് വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ഞാൻ. ദൂരെ നിന്നും ചേച്ചി വരുന്നത് കണ്ട ഞാൻ തുറന്ന് കിടന്ന ഗേറ്റ് വഴി നേരേ റോഡിലേക്ക് ഇറങ്ങി. അന്ന് എനിക്ക് നേരേ പാഞ്ഞു വന്ന ലോറിക്ക് മുന്നിൽ നിന്നും ഓടി വന്ന് എന്നെ എടുത്ത് മാറ്റിയത് അശ്വതി ചേച്ചിയാണ്. എന്നാൽ എന്നെ എടുത്ത് മാറ്റുന്നതിനിടെ ബാലൻസ് നഷ്ടമായ ആ അഞ്ചാം ക്ലാസ്സുകാരിയുടെ കാലുകളിൽ കൂടി ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.

അതിന് ശേഷം എന്റെ കൂടെ ഓടികളിക്കാൻ അശ്വതി ചേച്ചി വന്നിട്ടില്ല. അമ്മയുമൊത്തു അശ്വതി ചേച്ചിയുടെ വീട്ടിൽ പോയതും എന്തൊക്കെയോ കൊടുത്തതും ഒക്കെ ചെറിയൊരു ഓർമയുണ്ട്. എന്നെക്കണ്ടാൽ എപ്പോഴും ഓടിവന്ന് എടുക്കാറുള്ള ചേച്ചി അന്ന് ഒന്നും മിണ്ടാതെ കട്ടിലിൽ തന്നെ കിടക്കുകയായിരുന്നു. കുറച്ച് നാൾക്ക് ശേഷം അച്ഛനുമൊത്ത് വീൽചെയർ കൊടുക്കാൻ പോയതും എനിക്ക് ഓർമയുണ്ട്. പിന്നേ കുറേ നാളത്തേക്ക് ഞാൻ ചേച്ചിയെ കണ്ടിട്ടില്ല. അങ്ങനെ ഞാൻ പതിയെ ചേച്ചിയെ മറന്നു.പിന്നീട് ഞാൻ വീണ്ടും ചേച്ചിയെ കാണുന്നത് ചേച്ചി പ്ലസ്ടു ജയിച്ച് കോളേജിൽ ചേരാൻ നിൽക്കുന്ന സമയത്താണ്. അന്ന് അച്ഛനൊരു എലെക്ട്രിക്ക് വീൽ ചെയർ ചേച്ചിക്ക് സമ്മാനമായി നൽകി. അന്ന് വികാരധീനയായി അമ്മ ചേച്ചിയെ ചേർത്ത് പിടിച്ച് എന്നെ രക്ഷിച്ച കഥ പറയുമ്പോഴാണ് എനിക്ക് ആ സംഭവിന്റെ വ്യാപ്തി മനസ്സിലാകുന്നത്. ഞാൻ അതൊക്കെ പണ്ടേ മറന്നുപോയിരുന്നു. പിന്നീട് ചേച്ചിയുടെ അടുക്കൽ ഞാൻ ട്യൂഷനും പോയതോടെ ചേച്ചിയുമായി വീണ്ടും അടുത്തു. ബാംഗ്ലൂരിൽ ജോലിയൊക്കെയായി അങ്ങോട്ട്‌ മാറിയപ്പോഴും ചേച്ചിയുമായി ഞാൻ കോൺടാക്ട് വെച്ചിരുന്നു. നാട്ടിൽ വരുമ്പോഴൊക്കെ ചേച്ചിയെ കാണാൻ പോകുന്നത് പതിവായി. എന്തോ ഒരു വൈകാരികമായ ബന്ധം ചേച്ചിയുമായി എനിക്ക് ഉണ്ടായിരുന്നു.

അങ്ങനെ ഒരിക്കൽ ഞാൻ ലീവിന് നാട്ടിലെത്തിയ ഒരു ദിവസം രമണിയമ്മ ഏറെ വിഷമിച്ചു അമ്മയോട് സംസാരിക്കുന്നത് ഞാൻ കേട്ടു. ചേച്ചിക്ക് ഉറപ്പിച്ച് വെച്ചിരുന്ന കല്യാണ ആലോചന മുടങ്ങിപ്പോയത്രേ. ചേച്ചിക്ക് ഒരുപാട് കല്യാണലോചനകൾ മാറി പോയ ശേഷമാണ് ഒരെണ്ണം ശെരിയാകുന്നത്. ലെറ്റർ വരെ അടിച്ച് പലരേയും വിളിച്ച ശേഷമാണ് ഇത് മുടങ്ങുന്നത്. ചേച്ചിക്ക് അമ്മയാകാൻ കഴിയില്ല എന്നാരോ അവരോട് പറഞ്ഞത്രേ. ആ വാചകം ചേച്ചിയെ വല്ലാണ്ട് തളർത്തിക്കളഞ്ഞു.എനിക്ക് അപ്പോൾ ചേച്ചിയെ കാണണമെന്ന് തോന്നി ഞാൻ ഉടൻ തന്നെ ചേച്ചിയുടെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോൾ അവിടെ ആരുമുണ്ടായില്ല, ഫോൺ വിളിച്ചപ്പോൾ അമ്പലത്തിലാണെന്ന് പറഞ്ഞത്കൊണ്ട് ഞാൻ നേരേ അങ്ങോട്ട്‌ പോയി. എന്നെ കണ്ടു പുഞ്ചിരിച്ച ആ മുഖത്തെ കലങ്ങിയ കണ്ണുകളിൽ നിന്നും എനിക്ക് ചേച്ചിയുടെ ഉള്ളിലെ സങ്കടം മനസ്സിലാക്കാൻ കഴിഞ്ഞു.

അമ്പലത്തിന് മുന്നിലെ ആലിന്റെ ചുവട്ടിലിരുന്ന് നമ്മൾ കുറേ നേരം സംസാരിച്ചു. എന്റെ ബാംഗ്ലൂരിലെ ജോലിക്കാര്യങ്ങൾ ഉൾപ്പടെ പല കാര്യങ്ങളും നമ്മൾ സംസാരിച്ചെങ്കിലും കല്യാണം മുടങ്ങിയ കാര്യം മാത്രം ചേച്ചി മിണ്ടിയില്ല. ഒടുവിൽ ഞാൻ അങ്ങോട്ട്‌ ചേച്ചിയോട് ചോദിച്ചു. എനിക്ക് വിഷമമാകുമെന്ന് കരുതിയാണോ കല്യാണം മുടങ്ങിയ കാര്യം ചേച്ചി എന്നോട് പറയാഞ്ഞത് എന്ന്. അതിന് ചേച്ചി പറഞ്ഞ മറുപടി എന്നെ കണ്ടപ്പോൾ ചേച്ചി അക്കാര്യമൊക്കെ മറന്നുപോയി എന്നായിരുന്നു.“ഞാൻ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ?” പെട്ടെന്ന് എന്റെ നാവിൽ നിന്ന് അങ്ങനെ ഒരു ചോദ്യം വന്നതും അമ്പലത്തിൽ മണി മുഴങ്ങിയതും ഒരുമിച്ചായിരുന്നു. തമാശയായി കണ്ട് ആദ്യം അത് ചിരിച്ച് കളഞ്ഞെങ്കിലും പിന്നീടുള്ള എന്റെ സംഭാഷണത്തിൽ നിന്നും അതൊരു തമാശ ആയിരുന്നില്ലെന്ന് ചേച്ചിക്ക് മനസ്സിലായി. അതൊന്നും ശെരിയാകൂലഡാ നീ അത് വിട് എന്ന് പറഞ്ഞ് കൊണ്ട് പോകാനൊരുങ്ങിയ ചേച്ചിയെ പിടിച്ച് നിർത്തി നല്ലോണം ആലോചിച്ചിട്ട് എനിക്കൊരു മറുപടി തരണമെന്ന് പറഞ്ഞു വിട്ടു.

ചേച്ചി പലതവണ പല കാര്യങ്ങൾ പറഞ്ഞു എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്റെ തീരുമാനം ഉറച്ചതായിരുന്നു. എന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെക്കാൻ തയ്യാറായ അഞ്ചാം ക്ലാസ്സുകാരിയെക്കാൾ നല്ലൊരു പെണ്ണിനെ എനിക്ക് വേറെ കിട്ടില്ല എന്ന് എനിക്കുറപ്പായിരുന്നു. ഒടുവിൽ ചേച്ചി സമ്മതം മൂളിയെങ്കിലും കടമ്പകൾ ഒരുപാട് ഉണ്ടായിരുന്നു.എന്റെ അച്ഛനെയും അമ്മയേയും സമ്മതിപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ബന്ധുക്കളെ സമ്മതിപ്പിക്കാൻ. അതിനേക്കാൾ ബുദ്ധിമുട്ട് ആയിരുന്നു രമണിയമ്മയെ സമ്മതിപ്പിക്കാൻ. കുറച്ചധികം ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ എല്ലാവരുടേയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും തന്നെ നമുക്ക് ഒന്നിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് നമ്മൾ. ഞാനെടുത്ത തീരുമാനത്തിലെ തെറ്റും ശെരിയുമൊന്നും എനിക്കറിയില്ല. പക്ഷേ ഒരുകാര്യം എനിക്ക് ഉറപ്പ് പറയാൻ സാധിക്കും. എന്റെയുള്ളിൽ ജീവൻ ഉള്ളിടത്തോളം കാലം ഞാൻ ചേച്ചിയെ ചേർത്ത് പിടിക്കും’

എന്നാല്‍ ഈ കഥയും കഥയിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. ചിത്രമാകട്ടെ എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതും.

ENGLISH SUMMARY:

In today’s AI era, social media users are warned not to blindly trust everything they see online. Yet, when AI-generated content looks almost indistinguishable from reality, people easily believe it. A perfect example is the viral “Rahul - Ashwathi Chechi” love story, which spread across platforms with thousands showering blessings and love on the couple. The post even included images of a young woman in a wheelchair with a man standing beside her, making the story appear real. However, online AI detection tools confirm that these images are not genuine but artificially generated. This viral case highlights how advanced AI tools are creating ultra-realistic content, blurring the line between truth and fiction, and reminding netizens to stay cautious.