അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിട്ടും തന്നെ ഇങ്ങനെ ചേർത്തു നിർത്തിയ ഒരു മനുഷ്യന്‍ മോഹന്‍ലാലല്ലാതെ മറ്റാരുമില്ലെന്ന് നടന്‍ ഹരീഷ് പേരടി. അഭിപ്രായങ്ങൾ തുറന്നു പറയുന്നതുകൊണ്ടായിരിക്കാം, വേണ്ടപ്പെട്ടവർ എന്ന് കരുതുന്ന പലരും എന്നോട് ഒരു അകലം പാലിക്കാറുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

പക്ഷെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിട്ടും എന്നെ ഇങ്ങിനെ ചേർത്തു നിർത്തിയ ഒരു മനുഷ്യനെ ഞാൻ എൻ്റെ 56 കൊല്ലത്തെ ജീവിതത്തിൽ കണ്ടിട്ടേയില്ല. ഇതിൽ സുചി ചേച്ചിയോടൊപ്പമുള്ള ആ ഫോട്ടോ തന്നെയാണ് അതിലെ ഏറ്റവും വലിയ ഉദാഹരണവും സ്നേഹവും. 

ചെന്നൈയിലെ മലൈകോട്ടെ വാലിഭൻ്റെ ഒരു രാത്രിയിൽ ഞാൻ ലാലേട്ടനോടൊപ്പം ഫോട്ടോയെടുക്കാൻ നിന്നപ്പോൾ ദൂരെ മറ്റാരോടോ സംസാരിച്ചു നിൽക്കുകയായിരുന്ന സുചി ചേച്ചിയേ മൂപ്പര് വിളിച്ച് വരുത്തിയതാണ് ഈ ഫ്രെയിമിലേക്ക്. നമുക്ക് ഹരീഷിനോടൊപ്പം  ഒരു ഫോട്ടോയെടുക്കാം എന്നും പറഞ്ഞ്. 

ഏട്ടനെ ആഗ്രഹിച്ചവന് ഏട്ടത്തിയമ്മയെ കൂടി കിട്ടുമ്പോൾ ഇതിലും വലിയ സ്നേഹം മറ്റെന്താണ്. അതുകൊണ്ട് തന്നെ ലാലേട്ടന് ലഭിച്ച ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്ന ഈ രാജ്യത്തിൻ്റെ പരമോന്നത ബഹുമതി എനിക്ക് എൻ്റെ വീട്ടിലേക്ക് വന്നതുപോലെയാണ്. അയാൾ എത്രത്തോളം നടരാജനാണോ അത്രത്തോളം നിറഞ്ഞ മനുഷ്യത്വമാണ്. ഇത് തൻ്റെ സത്യസന്ധമായ അനുഭവമാണെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ഹരീഷ് പേരടി പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

Harish Peradi highlights his strong bond with Mohanlal. This bond is exemplified by Mohanlal's inclusive gesture of involving his wife, Suchitra, in a photograph with Harish, underscoring his genuine warmth and humanity.