സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപ പ്രചാരണത്തില്‍ സിപിഎം നേതാവ് കെ ജെ ഷൈന് പിന്തുണയുമായി ഡോ. ജോ ജോസഫ്. കെ ജെ ഷൈന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഡോ. ജോ ജോസഫ് പിന്തുണ അറിയിച്ചത്. 'പ്രിയ ഷൈന്‍ ടീച്ചര്‍ക്കൊപ്പം' എന്ന് കുറിച്ചു കൊണ്ടാണ് ജോ ജോസഫ് പോസ്റ്റ് ഷെയര്‍ ചെയ്തത്.
അതേ സമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നതെന്ന് കെ.ജെ.ഷൈൻ പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ചവരെ വെറുതെ വിടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
‘ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട എംഎൽഎയെ രക്ഷിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടും കഴിയുന്നില്ല. നിയമസഭയിലും അതിനു കഴിയാത്ത സാഹചര്യമാണ്. അതിൽനിന്നും ശ്രദ്ധതിരിക്കാനായിരിക്കും തനിക്കെതിരെയുള്ള ഈ ആരോപണങ്ങൾ. സമൂഹമാധ്യമങ്ങളിൽ ചിലർ ആരോപണം ഉന്നയിച്ച എംഎൽഎയെ പരിചയമുണ്ട്. പൊതുപ്രവർത്തകരെന്ന നിലയിൽ വേദികളിൽ വരാറുണ്ട്. സംസാരിക്കാറുണ്ട്. ഒരു ബോംബ് വരുന്നുണ്ടെന്നും ധൈര്യമായി ഇരിക്കണമെന്നും 11ന് ഒരു പൊതുവേദിയിൽവച്ച് കോൺഗ്രസിന്റെ നേതാവ് പറഞ്ഞു. എന്തു കേട്ടാലും വിഷമിക്കരുത് എന്നും പറഞ്ഞു. അടുത്ത് അറിയാവുന്ന നേതാവാണ്. അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞതാകാം. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് എനിക്കെതിരെ പോസ്റ്റർ വന്നത്. ഭർത്താവ് പരാതി നൽകാം എന്ന് പറഞ്ഞു. പക്ഷേ ആരാണെന്ന് അറിയാത്തതിനാൽ കാര്യമാക്കിയില്ല’– ഷൈൻ പറഞ്ഞു.