തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് ലഭിച്ച വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്‍റെ 'സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ്' അവാര്‍ഡിനെ പറ്റിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. തിരുവനന്തപുരം നഗരസഭ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്‍റെ പുരസ്‌കാരം. എന്നാല്‍ ഇത് സ്വകാര്യ കമ്പനിയാണെന്നും പണം കൊടുത്ത് വാങ്ങിയ അവാര്‍ഡാണെന്നും വിമര്‍ശനമുണ്ട്.
ബ്രിട്ടന്‍ പാര്‍ലമെന്‍റില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പുരസ്കാരം ലഭിച്ചതെന്നാണ് ആര്യ രാജേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിലുള്ളത്. പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്നും ആര്യ എഴുതി. പുരസ്കാരവുമായി ആര്യ പങ്കുവച്ച ചിത്രം വലിയ തോതിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇടത് നേതാക്കളും സിപിഎമ്മിന്‍റെ ഔദ്യോഗിക പേജിലും ആര്യയുടെ ചിത്രം പങ്കുവച്ചുള്ള അഭിനന്ദന കുറിപ്പ് വന്നു. എന്നാല്‍ യുകെ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിലെ ഹാളിലാണ് ചടങ്ങു നടന്നതെന്നും ഈ ഹാള്‍ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വാടകയ്ക്ക് നല്‍കാറുണ്ടെന്നുമാണ് കമന്‍റുകള്‍.
ആര്യ രാജേന്ദ്രന് അവാര്‍ഡ് നല്‍കിയ സംഘടന രണ്ട് ഇന്ത്യക്കാര്‍ നടത്തുന്നതാണെന്നും പണം അങ്ങോട്ട് കൊടുത്ത് വാങ്ങിയ അവാര്‍ഡാണെന്നുമാണ് പ്രതിപക്ഷ ഹാന്‍ഡിലുകളുടെ വിമര്‍ശനം. മുൻപ് രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും ഉൾപ്പെടെ പലരും ഈ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സര്‍ട്ടിഫിക്കറ്റില്‍ 'ആര്യ രാജേന്ദ്രന്‍ സിപിഐ(എം)' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നഗരസഭയ്ക്ക് ഔദ്യോഗികമായി ലഭിക്കുന്ന പുരസ്കാരത്തില്‍ എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഉള്‍പ്പെടുന്നതെന്നാണ് വിമര്‍ശകരുടെ ചോദ്യം. യുകെ പാർലമെൻറ് സിപിഎം എന്നെഴുതി സർട്ടിഫിക്കറ്റ് നല്‍കിയോ എന്നും വിമര്‍ശനമുണ്ട്.
ആര്യ രാജേന്ദ്രന് സർട്ടിഫിക്കറ്റ് കിട്ടാൻ ആര് പണം മുടക്കിയെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ മറ്റൊരു ചോദ്യം. ആര് യാത്ര ചെലവ് ആര് വഹിച്ചെന്നും ചോദ്യമുണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നാണ് വിവരം. സന്തോഷ് ശുക്ല എന്ന വ്യക്തിയാണ് സിഇഒ.