സംസ്ഥാനത്തെ പ്രമുഖ ഫോറൻസിക് വിദഗ്ദ്ധ ഡോ. ഷെർളി വാസുവിനെപ്പറ്റി വൈറൽ കുറിപ്പുമായി ഷുക്കൂർ വക്കിൽ. അവർ എന്തിനാണ് ഇത്ര നേരത്തെ ഭൂമിയിൽ നിന്നും യാത്ര പോയതെന്നും, ഇനിയും അവർ നമുക്കിടയിൽ കുറെ കാലം കൂടി വേണമായിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അത്രമേൽ മനുഷ്യ സ്നേഹവും അർപ്പണവും നിറഞ്ഞവരായിരുന്നു അവർ.
2015-16 ൽ ഞാൻ കാസർഗോഡ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂട്ടറായിരിക്കെയാണ് സഫിയ വധ കേസ് വിചാരണയ്ക്കു വന്നതു. 1998 കാലഘട്ടത്തിൽ കാസർഗോഡിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സംഭവമായിരുന്നു സഫിയ വധക്കേസ്.
കുടകിൽ നിന്നും കുട്ടികളുടെ കളിക്കൂട്ടുകാരിയായി കാസർഗോട്ടേക്ക് കൊണ്ടു വന്ന 11 വയസ്സു മാത്രമുള്ള പെൺ കുട്ടിയെ കാണാതായതും അവസാനം വീട്ടുകാരൻ തന്നെ ഗോവയിലേക്ക് കൊണ്ടു പോയി കൊല പെടുത്തിയതുമായ സംഭവം.
കൊലപാതകം കഴിഞ്ഞു ഒന്നര വർഷത്തിനു ശേഷം വീട്ടു ഉടമയായ ഹംസയുടെ കുറ്റ സമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ഗോവയിലെ ഡാം സൈറ്റിൽ നിന്നു ബോഡി കണ്ടെത്തിയ സമയം. കേസ് വിചാരണയ്ക്കു വരുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സാക്ഷി പട്ടിക ( memo of evidence ) നോക്കിയപ്പോഴാണ് ഡോ. ഷേർലി വാസുവിന്റെ പേര് കണ്ണിൽ തറച്ചത്.
കേസ് ഡയറിയിലൂടെ കടന്നു പോയപ്പോൾ, അന്വേഷണ ഘട്ടത്തിൽ പൊലീസിന്റെ അഭ്യർത്ഥന പ്രകാരം അന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഷേർലി മേം അന്വേഷണ ടീമിനോടൊപ്പം ചേർന്നതും ഗോവയിൽ പോയി, കുട്ടിയെ കുഴിച്ചിട്ടു എന്നു പറയുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ചു ഒരു മുഴു ദിവസം കിളച്ചിട്ടും ഒന്നും കിട്ടാതിരിക്കുകയും പിറ്റേ ദിവസവും അവിടെ തങ്ങി അവരോടൊപ്പം കുഴിച്ചു മൂടിയ അനീതി കണ്ടെത്തുവാൻ ശ്രമിക്കുകയും ചെയ്ത കാര്യം വിശദമായിട്ടുണ്ട്.
ആദ്യം ചുമന്ന ഷാളും പിന്നീട് ശരീരത്തിലെ തലയോട്ടിയടക്കം അസ്ഥികളും ലഭിക്കുകയും അതു അവിടെ വെച്ച് ഇൻക്വസ്റ്റു തയ്യാറാക്കി പിന്നെ മറ്റു കാര്യങ്ങളും ചെയ്തു.
Memo of Evidence ൽ പേര് കണ്ടതിനെ തുടർന്നു പൊലീസ് വഴി അവരുമായി ബന്ധപ്പെടുകയും വിചാരണ തീയ്യതിയുടെ തലേദിവസം തന്നെ അവർ കാസർഗോഡ് എത്തുകയും ചെയ്തു. പ്രതികൾക്ക് ഒരു പഴുതു പോലും ലഭിക്കാത്ത രീതിയിൽ അത്രമേൽ ശാസ്ത്രീയമായി കുറ്റം ചെയ്യുവർക്ക് മുമ്പിൽ വേലി കെട്ടുവാൻ കഴിയുന്ന ഫോറൻസിക് വിദഗ്ദ്ധ.
ആ കേസിൽ ഒന്നാം പ്രതിക്ക് കോടതി വധ ശിക്ഷ നൽകി. അതിനു ശേഷവും ഡോക്ടറുമായി നിരവധി തവണ ഇടപഴകേണ്ടി വന്നിരുന്നു. ഫോറൻസിക് രംഗത്തെ ഏതു സംശയവും നിവാരണം ചെയ്യുവാൻ ഡോക്ടർ എപ്പോഴും സന്നദ്ധയായിരുന്നു. സ്നേഹം കൊണ്ടു മനുഷ്യരെ കീഴടക്കുന്ന ഒരാൾ. ഫോറൻസിക് സമയൻസിൽ ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഭൂമിയിൽ നീതി ഉറപ്പാക്കുവാൻ ശ്രമിച്ച ഒരാൾ.
'പോസ്റ്റ് മോർട്ടം ടേബിൾ ' വായിക്കുന്നവർക്ക് ഡോക്ടർ കടന്നു വന്ന വഴികൾ ബോധ്യമാകുമെന്ന് പറഞ്ഞാണ് ദീർഘമായ ഈ കുറിപ്പ് അവസാനിക്കുന്നത്.