ഓണമെത്തിയാല്‍ അതിര്‍ത്തി കടന്ന് ഗുണ്ടല്‍പേട്ട് പൂക്കള്‍ വരണമെന്ന പതിവ് പല്ലവി കേള്‍ക്കുന്നവരാണ് വയനാട്ടുകാര്‍. എന്നാല്‍ ഇക്കുറി പ്രതികൂല കാലാവസ്ഥയെ എല്ലാം തോല്‍പ്പിച്ച പനമരത്തെ പൂക്കൃഷിയുടെ വിശേഷങ്ങള്‍ കാണാം. കുടുംബശ്രീയുടെയും പനമരം ബ്ലോക്ക് പഞ്ചായത്തിന്‍റെയും പൂക്കൃഷി വിളവെടുപ്പ് ഇവര്‍ ആഘോഷമാക്കി.
രണ്ടും കല്‍പ്പിച്ചായിരുന്നു ഇത്തവണ പനമരത്തെ കുടുംബശ്രീ കൂട്ടായ്മകള്‍. മഴയും പ്രതികൂലമായ കാലവസ്ഥയും എത്രയുണ്ടോ അത്രത്തോളം ഊര്‍ജ്ജമെടുത്ത് കൃഷിക്കിറങ്ങി. ഇപ്പോള്‍ ഇതാ ചെണ്ടുമല്ലിപ്പൂക്കള്‍ നല്ല വിളവ് നല്‍കയതിന്‍റെ ആഹ്ളാദത്തിലാണ് ഇവര്‍. പനമരം ബ്ലോക്ക് പഞ്ചായത്ത് കൃഷിവകുപ്പിന്‍റെ മേല്‍നോട്ടത്തിലായിരുന്നു കൃഷി. പഞ്ചായത്ത് വളപ്പിനോട് ചേര്‍ന്നുള്ള പൂക്കൃഷിയുടെ വിളവെടുപ്പ് ഇവര്‍ ആഘോഷമാക്കി മാറ്റി
ഓണവിപണിയില്‍ വില കത്തിക്കയറുന്ന സമയത്ത് ഇവര്‍ക്ക് വിലക്കുറവില്‍ പൂക്കള്‍ നല്‍കാന്‍ കഴിയുന്നുണ്ട്. ചെറുകാട്ടൂരിലെ ഫിനിക്സ് കൃഷിക്കൂട്ടം ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘങ്ങളാണ് പൂക്കൃഷിയിലേക്ക് ഇറങ്ങിയത്. ഓണം കഴിഞ്ഞ് വിളവെടുക്കുന്ന പൂക്കള്‍ പെയിന്‍റ് കമ്പനികള്‍ക്ക് നല്‍കും. അങ്ങനെ ഓണപ്പൂവിപണിക്ക് ഒരു വയനാടന്‍ മാതൃക തീര്‍ക്കുകയാണ് ഈ കൂട്ടായ്മ.