രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുയാണെന്നാരോപിച്ച് ഷാഫി പറമ്പില്‍ എംപിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. എംപിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വലിയ പ്രതിഷേധത്തിലേയ്ക്ക് കാര്യങ്ങള്‍ കടന്നു. വണ്ടിയില്‍ നിന്ന് ചാടിയിറങ്ങിയ ഷാഫി പറമ്പിലിനോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കയറി. ഇതോടെ പൊലീസ് ഇടപ്പെട്ടു. എന്നാല്‍ പ്രതിഷേധം ഷാഫി ചോദ്യം ചെയ്തതോടെ വലിയ തര്‍ക്കത്തിന് കാരണമായി. നായ, പട്ടി , തുടങ്ങിയ വാക്കുകളിലൂടെയുള്ള പ്രതിഷേധം ശരിയല്ലെന്നും താനും സമരം ചെയ്തിട്ടാണ് ഇവിടെ വരെയെത്തിയതെന്നും ഷാഫി പറയുന്നുണ്ട്. എന്നാല്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് വേണ്ട ഇടപെടലുണ്ടായില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. വടകരയില്‍ വച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. എന്നാല്‍ ഈ പ്രതിഷേധം കണ്ട് താന്‍ പിന്നോട്ട് പോവില്ലെന്നും എംപിയായി തന്നെ ഇവിടെ കാണുമെന്നും ഷാഫി പറയുന്നു.
അതേ സമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭം ധരിച്ച യുവതിയെ കൊല്ലാൻ അധികം സമയംവേണ്ട എന്ന് വരെ പറയുന്ന അവസ്ഥ എത്രമാത്രം ക്രിമിനിൽ രീതിയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്നും പരാതി നൽകാൻ ആശങ്കയുണ്ടാകേണ്ടതില്ലെന്നും എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അത് ഗൗരവമേറിയ വിഷയമായി തന്നെ കേരളീയ സമൂഹം ഏറ്റെടുത്തിരിക്കുന്നു. മാധ്യമങ്ങളും അത് ഏറ്റെടുത്തു. ഇത്തരമൊരു ആൾ ആ സ്ഥാനത്ത് ഇരിക്കരുത് എന്ന പൊതുഅഭിപ്രായം ഉയർന്നുവന്നു കഴിഞ്ഞു. പക്ഷേ, ആ നിലയല്ല കാണുന്നത്. എത്രത്തോളം പിടിച്ചുനിൽക്കാൻ കഴിയുമെന്ന് അറിയില്ല. ഏതായാലും സമൂഹത്തിൽ വലിയ പ്രതികരണം ഉണ്ടാക്കുന്ന തരത്തിലുള്ള സംഭവമായി അത് മാറി. കാരണം, ഒന്നിലധികം സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വരുന്നു.ഒരു സംഭാഷണത്തിന്‍റെ ഭാഗത്ത് ഗർഭം അലസിപ്പിക്കുക എന്നത് മാത്രമല്ല, ഗർഭം ധരിച്ച യുവതിയെ കൊല്ലാൻ അധികം സമയം വേണ്ട എന്ന് വരെ പറയുന്നിടത്തേക്ക് എത്തുന്ന അവസ്ഥ. എത്രമാത്രം ക്രിമിനിൽ രീതിയാണ് വരുന്നത്. സമൂഹത്തിൽ പൊതുപ്രവർത്തകർക്കുണ്ടായിരുന്ന അംഗീകാരമുണ്ട്, അതിന് അപവാദം വരുത്തിവെക്കുന്ന ചില കാര്യങ്ങൾ ചില ഘട്ടത്തിലൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഇത്രത്തോളം പോയ ഒരു കാര്യം ഇതേവരെ നമ്മുടെ അനുഭവത്തിൽ കേട്ടിട്ടില്ല– മുഖ്യമന്ത്രി പറഞ്ഞു.