rahul-dr-fb-post

രാഹുൽ മാങ്കൂട്ടത്തിനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ സജീവമായ ഡോക്ടർ ഷിംന അസീസ്. രാഷ്ട്രീയപരമായി ഉന്നതപദവിയിൽ ഉള്ള രാഹുലിന് എക്സാം പാസ്സ് ആക്കാൻ കോളേജ് വിദ്യാർത്ഥിനിയുടെ ശരീരം പകരം ആവശ്യപ്പെടുന്ന പ്രഫസറെ പോലെ, പ്രമോഷൻ കിട്ടാൻ ബോസ് ഉദ്യോഗസ്ഥയെ ലൈംഗികചൂഷണം ചെയ്യുന്നത് പോലെ ഒരു മേൽക്കോയ്മ എല്ലാ ബന്ധങ്ങളിലും ഉണ്ടെന്നും, രാഹുൽ മാങ്കൂട്ടം ഒരു വലിയ തെറ്റാണെന്നും. അയാളെ പദവിയിൽ നിന്നും മാറ്റിനിർത്തി ആവശ്യമായ ചികിത്സ കൊടുക്കുകയാണ് വേണ്ടതെന്നും ഷിംന അസീസ് പറയുന്നു.

കുറിപ്പ്

രാഹുൽ മാങ്കൂട്ടത്തിൽ എന്ന ജനപ്രതിനിധിയും, രണ്ട് മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ അണികൾ പരസ്പരം വാരി എറിയുന്ന മാങ്ങാണ്ടിയും കോഴിവാർത്തകളും, പലരോട് ഒരേ തീവ്രതയിൽ പ്രണയവും വിവാഹവും കുടുംബവും വാഗ്ദാനം ചെയ്ത്, അഭിനയിച്ച്, നെറി കെട്ട ചൂഷണം നടത്തിയതിന്റെ ശബ്ദരേഖകളുമെല്ലാം അനുദിനം വോള്യം കൂടി വരുന്ന കാഴ്ചയാണല്ലോ... നാട് നീളെ നടന്ന് ശാരീരികാവശ്യങ്ങൾ നടത്താൻ പദവി ഉൾപ്പെടെ ദുരുപയോഗം ചെയ്ത്, ലൈംഗികമായി ബന്ധപ്പെടാനുള്ള സമ്മതം അഥവാ കൺസന്റ് സൂത്രത്തിൽ നേടിയെടുക്കുന്നതിന് സായിപ്പിന്റെ ഭാഷയിൽ 'മാനിപ്പുലേഷൻ' എന്ന് പറയും. ഒരു തരം നിർമ്മിത സമ്മതം. ശുദ്ധ തെമ്മാടിത്തരം എന്നാണ് അതിനെ വിളിക്കേണ്ടത്.

രാഷ്ട്രീയപരമായി ഉന്നതപദവിയിൽ ഉള്ള രാഹുലിന്- എക്സാം പാസ്സ് ആക്കാൻ കോളേജ് വിദ്യാർത്ഥിനിയുടെ ശരീരം പകരം ആവശ്യപ്പെടുന്ന പ്രഫസറെ പോലെ, പ്രമോഷൻ കിട്ടാൻ ബോസ് ഉദ്യോഗസ്ഥയെ ലൈംഗികചൂഷണം ചെയ്യുന്നത് പോലെ - ഒരു മേൽക്കോയ്മ എല്ലാ ബന്ധങ്ങളിലും ഉണ്ട്. അതയാൾ ഉപയോഗിച്ചിട്ടുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്, ആ പ്രിവിലേജിന്റെ അങ്ങേയറ്റമാണ് "എനിക്ക് നിന്നെ കൊല്ലാൻ എത്ര സെക്കന്റ് വേണമെന്നാണ് നീ കരുതുന്നത്?" എന്ന് ആ ഗർഭിണിയോട് അയാൾ ചോദിക്കുന്ന അഹങ്കാരം തുടിക്കുന്ന ചോദ്യം. അയാളുടെ കുഞ്ഞിനെ ഉള്ളിൽ പേറിയ നാൾ മുതൽ മനസ് കൊണ്ട് അമ്മയായവളോട്!

ഇത്രയൊക്കെയായിട്ടും, ആരൊക്കെ തന്റെ കുഞ്ഞിന്റെ അച്ഛന്റെ പേര് ചോദിച്ചിട്ടും അവർ അയാളെ നിശബ്ദതയിൽ പൊതിഞ്ഞു സംരക്ഷിക്കുകയാണ്. അവൻ ചവച്ചു തുപ്പിയിട്ടും സ്വന്തം പ്രണയത്തിന്റെ ആത്മാർത്ഥത അവരെ നയിക്കുന്ന ശബ്ദരേഖ കേട്ടത് ഉള്ളിൽ ഒരാന്തലോടെയാണ്, നീറ്റലോടെയാണ്. കിടന്നു കൊടുത്ത പെണ്ണുങ്ങൾക്കൊക്കെ കാമം മൂത്തതാണെന്ന് കമന്റിട്ട് ജഡ്ജി ചമയുന്നവർ ഒന്നുകിൽ ഉള്ളിൽ മറ്റൊരു രാഹുൽ മാങ്കൂട്ടത്തിലാണ്. അല്ലായിരുന്നെങ്കിൽ സഹജീവിക്ക് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്ത് തോന്നുമായിരുന്നോ അത് നിങ്ങൾക്കും സ്വാഭാവികമായി തോന്നിയേനെ. എന്ത് ചെയ്യാനാണ്!

പിന്നെ, രാവിലെ പതിനൊന്നേ കാലിന്, സമയം പുലർച്ചെ മൂന്നേ ഇരുപത്തി ഏഴാണ് എന്ന് തലപ്പത്തുള്ളവർ പറഞ്ഞാൽ വാച്ച് തിരിച്ച് ആ സമയമാക്കുന്നവർ, അതിനപ്പുറം ചിന്തിക്കാൻ കെൽപ്പില്ലാത്തവർ, ഗ്രൂപ്പുകളിൽ ഓടുന്നതെല്ലാം കമന്റിൽ കൊണ്ട് വന്ന് ഒട്ടിച്ചോളൂ. മറുപടി ഇട്ട് സമയം കളയാൻ ഉദ്ദേശിക്കുന്നില്ല. ആവർത്തിക്കുന്നു - രാഹുൽ മാങ്കൂട്ടത്തിൽ നിസ്സംശയം ഒരു വലിയ തെറ്റാണ്. അത് തിരുത്തി അയാളെ പദവിയിൽ നിന്നും മാറ്റിനിർത്തി ആവശ്യമായ ചികിത്സ കൊടുക്കുകയാണ് വേണ്ടത്. നിരുപാധികം അതിജീവിതകൾക്കൊപ്പം. ഡോ. ഷിംന അസീസ്.

ENGLISH SUMMARY:

Rahul Mankootam faces severe criticism from Dr. Shimna Azeez regarding allegations of misconduct and abuse of power. The situation calls for a thorough investigation and appropriate action to support the survivors and ensure accountability.