ഓഗസ്റ്റ് മാസം രണ്ട് പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ നാലേകാൽ വർഷത്തിനിടെ സംസ്‌ഥാനത്ത് 150 പാലങ്ങൾ പൂർത്തിയാവുമെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പ്കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊറായിക്കടവ് പാലം തകർന്നതിന്റെ റിപ്പോർട്ട് ലഭിച്ചാൽ ഉടനെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ അധികാരത്തിൽ വന്നപ്പോൾ, നാടിന്റെ വികസനത്തിൽ വലിയ പങ്ക് വഹിക്കുന്ന പാലങ്ങളുടെ അവസ്ഥ പരിശോധിക്കാൻ പ്രത്യേക കമ്മറ്റി രൂപീകരിക്കുകയും അഞ്ച് വർഷത്തിൽ 100 പാലങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള പരിശോധനകളും പ്രവർത്തനങ്ങളും നടത്തുകയുമുണ്ടായി. ഇതാണ് 150 പാലങ്ങളെന്ന നേട്ടത്തിലേക്ക് വഴിയൊരുക്കിയതെന്നും മന്ത്രി പറഞ്ഞു.
കൊയിലാണ്ടിയിലെ പണി നടന്നുകൊണ്ടിരിക്കെ തൊരായിക്കടവ് പാലം തകർന്നതിന്റെ റിപ്പോർട്ട് ലഭ്യമാകുന്ന മുറക്ക് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.