പാവപ്പെട്ടവർക്ക് ചികിത്സ നൽകണമെന്ന മകളുടെ ആഗ്രഹത്തിനൊപ്പം സഞ്ചരിച്ച് മാതാപിതാക്കൾ. മകളുടെ ഓർമയ്ക്കായി രണ്ടു വർഷത്തിനിടെ രണ്ട് ഗ്രാമങ്ങളിൽ രണ്ട് ആശുപത്രികളാണ് യാഥാർഥ്യമാക്കിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാദാസിന്‍റെ ഓർമയ്ക്കായാണ് ജന്മനാട്ടിലും ആശുപത്രി. കോട്ടയം കുറുപ്പന്തറ മധുരവേലിയിലെ ആശുപത്രി ഉദ്ഘാടനം നാളെ (ഞായർ) നടക്കും.
കുറുപ്പന്തറ നമ്പിച്ചിറക്കാലായിലെ വീട്ടുമതിലിൽ ഇപ്പോഴും ഡോ.വന്ദനാ ദാസ് എന്ന ബോർഡുണ്ട്. വീട്ടിലെ ചുവരുകളിൽ വന്ദനയുടെ ചിത്രങ്ങൾ. വന്ദന ഉപയോഗിച്ച സാധനങ്ങൾ സൂക്ഷിക്കുന്ന നിത്യസ്‌മാരകം പോലൊരു മുറി. വാച്ചുകൾ, പേന, വസ്ത്രങ്ങൾ അങ്ങനെ ഓരോന്നും. എല്ലാം അച്ഛനും അമ്മയും പൊന്നു പോലെ സൂക്ഷിക്കുകയാണിവിടെ. മകൾ സ്വപ്നം കണ്ടതൊക്കെ അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും നാടിന് നൽകുകയാണ്. പാവങ്ങൾക്ക് ചികിത്സ നൽകണമെന്നായിരുന്നു വന്ദനയുടെ ആഗ്രഹം. അട്ടപ്പാടിയിലും വന്ദനയുടെ അമ്മയുടെ നാടായ ആലപ്പുഴ തൃക്കുന്നപ്പുഴയിലും പാവകളെ ചികിത്സിക്കണമെന്ന് മകൾ ആഗ്രഹിച്ചിരുന്നു. തൃക്കുന്നപ്പുഴയിൽ കഴിഞ്ഞവർഷം ആശുപത്രി തുടങ്ങിയിരുന്നു.
കുറുപ്പന്തറ മധുരവേലി പ്ലാമൂട് ജംക്ഷന് സമീപമാണ് രണ്ടാമത്തെ ആശുപത്രി. രാവിലെ മുതൽ വൈകിട്ട് വരെയാണ് ആശുപത്രി പ്രവർത്തനം. മകൾ ജോലി ചെയ്തിരുന്നപ്പോഴും മറ്റുള്ളവരെ സഹായിച്ചിരുന്നതായി അച്ഛൻ പറയുന്നു. മുട്ടുചിറയിലെ ഡോ. വന്ദനാദാസിന്റെ വീടിന് സമീപം പിന്നീട് മറ്റൊരു ആതുരാലയം നിർമിക്കാനും പദ്ധതിയുണ്ട്. ട്രസ്റ്റ് രൂപീകരിച്ചാണ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്.