അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഒരു പൂര്‍വ്വ വിദ്യാര്‍ഥി സംഗമം, ഒന്നും രണ്ടുമല്ലാ പതിമൂന്ന് വര്‍ഷത്തിന് ശേഷം, എല്ലാവരും രാവിലെ തന്നെ കോളജിലേയ്ക്ക് പുറപ്പെട്ടു. പഴയ കൂട്ടുക്കാരെ കാണണം, സെല്‍ഫി എടുക്കണം, ഇനിയെങ്ങാനും ആ പറയാതെ പോയ പഴയ പ്രണയം ആരെലും പറഞ്ഞാല്‍ അതും ബോണസ്, പ്രതീക്ഷകളുമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെത്തിയ 2009-2012 BA English ബാച്ചുകാര്‍ മുഖത്തോട് മുഖം നോക്കി ഒന്ന് ഞെട്ടി.
റീയൂണിയനില്‍ വന്നതാണോ അതോ ഇനി വല്ല ധ്യാനയോഗത്തിലാണോ?, കാരണം പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വന്ന ക്ലാസിലെ ആറുപേരും വൈദികര്‍. ആറു പേരും ഓര്‍ത്തഡോക്സ് സഭയിലെ വൈദികരെന്നതും കൗതുകം. ഒരു പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തില്‍ വന്ന ഇത്രയും കൂട്ടുകാര്‍ വൈദികരായതില്‍ അധ്യാപകര്‍ക്കും കൂടെയുള്ളവര്‍ക്കും സന്തോഷം. ഏതായാലും ഇത്രയും വെറൈറ്റി പൂര്‍വ്വ വിദ്യാര്‍ഥി സംഗമം അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്ന് സെൽഫി പകര്‍ത്തിയ പള്ളീലച്ചനല്ലാത്ത കുട്ടികളുടെ അച്ചനായ ബിജോ പാപ്പച്ചൻ വക ഒരു കൗണ്ടര്‍. പിന്നെ ഒരു ഒന്നൊന്നര സെല്‍ഫിയും.. വീണ്ടും ആ കോളേജ് ക്യാമ്പസില്‍ ആ പഴയ പാട്ട് മുഴങ്ങി ‘കാറ്റാടിത്തണലും തണലത്തര മതിലും, മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും’