പെരിന്തല്‍മണ്ണയില്‍ വിസ്ഡം സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന്‍റെ ലഹരിവിരുദ്ധ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിലായ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു പെരിന്തല്‍മണ്ണ സി.ഐ സുമേഷ് സുധാകരന്‍. ലഹരിവിരുദ്ധ സമ്മേളനം പൊലീസ് അലങ്കോലപ്പെടുത്തിയെന്നും പൊലീസുകാരൻ വിദ്യാർഥികൾക്ക് നേരെ ഗോഷ്ടി കാണിച്ചെന്നുമായിരുന്നു ആരോപണം. ഇപ്പോഴിതാ 2025ലെ പ്രശസ്ത സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായിരിക്കുകയാണ് സി.ഐ സുമേഷ്.
നേരത്തെ വിവാദ സംഭവത്തില്‍ സുമേഷിന് പിന്തുണയുമായി ഭാര്യ നീനു ജബ്ബാര്‍ രംഗത്ത് എത്തിയിരുന്നു. കാലവും കോലവും മാറുന്നതിനനുസരിച്ച് സംഘിയും സുഡാപ്പിയെന്നും മുദ്ര കുത്തിക്കലുണ്ടാകുമെന്നും അതൊക്കെ ഏറ്റുവാങ്ങാൻ സർവീസ് ജീവിതം മൂന്നോട്ട് അങ്ങനെ കിടക്കുന്നു എന്നുമായിരുന്നു കുറിപ്പ്. അവസാന ശ്വാസം വരെ ആത്മാര്‍ത്ഥമായി ജോലിചെയ്യാന്‍ മനക്കരുത്തോടെ കൂടെ ഉണ്ടാവും എന്നും കുറിപ്പിലുണ്ടായിരുന്നു.
അന്ന് സി.ഐ സുമേഷ് പറഞ്ഞത്
‘രാത്രി 10 മണിവരെയാണ് പരിപാടിക്ക് പെർമിഷൻ ഉണ്ടായിരുന്നത്. സമീപത്ത് നിരവധി ആശുപത്രികൾ ഉള്ളത് കൊണ്ട് സമയക്രമം കൃത്യമായി പാലിക്കണമെന്ന് സംഘാടകരോട് പറഞ്ഞതാണ്. സംഘാടകർ പറഞ്ഞത് 9.30ന് പരിപാടി നിർത്തുമെന്നായിരുന്നു. 9.25 ന് അവരെ വിളിച്ച് പരിപാടി നിർത്താൻ ഓർമിപ്പിച്ചു. പത്ത് മണിയായും നിർത്താതെ വന്നതോടെ 10.6ന് വീണ്ടും അവരെ വിളിച്ചു. 10.10 പിന്നെയും വിളിച്ചു. എന്നിട്ടും നിർത്താതെ വന്നതോടെയാണ് നേരിട്ട് ചെന്ന് നിർത്താൻ ആവശ്യപ്പെട്ടത്. അവർ പറയുന്നത് പോലെ മൂന്ന് മിനിറ്റൊന്നുമല്ല. 10.20നാണ് പരിപാടി നിർത്തുന്നത്. പിന്നീട് നിർദേശം കൊടുക്കാനെന്ന പേരിൽ മൈക്ക് ഉപയോഗിച്ചിരുന്നു. അതും ആളുകൾ ഉള്ളത് കൊണ്ട് അനുവദിക്കുകയും ചെയ്തു. അതിന് ശേഷം തിരിച്ചിറങ്ങി വരുന്ന സമയത്താണ് ഒരു പ്രായമുള്ളൊരാൾ വീഡിയോ എടുക്കുന്നത് കണ്ടത്. ഞങ്ങൾ കടന്നുപോകുമ്പോഴാണ് ഒന്നു ചിരിച്ചേ എന്നു അവർ പറയുന്നത്. നമ്മൾ അത്രയും സമർദത്തിൽ ജോലി ചെയ്യുന്നതായത് കൊണ്ടാണ് ആ രീതിയിൽ ചിരിച്ചത്. അല്ലാതെ, അത് കളിയാക്കിയതോ മോശമായി ആക്രോഷിച്ചതോ അല്ല. സ്വാഭാവിക പ്രതികരണമാണ്. അതിന് ശേഷം അവരുടെ പരിപാടി കഴിഞ്ഞ നഗരത്തിലെ ബ്ലോക്ക് കഴിയുമ്പോൾ ഒന്നര മണിയായി കാണും. ഞങ്ങൾ നിയമപരമായ കാര്യങ്ങളേ ചെയ്തുള്ളൂ. എന്നിട്ടും ചില മാനുഷിക ഇളവുകളൊക്കെ കൊടുത്തിരുന്നു. അതാണ് പൊലീസിനെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കുന്നത് ’