high-court

പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ട സമയപരിധിയിൽ വ്യക്തത വരുത്തി ഹൈക്കോടതി. പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്ന സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല 24 മണിക്കൂർ എന്നത് കണക്കാക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ലഹരി കേസിൽ റിമാൻഡിൽ കഴിയുന്ന പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിക്ക് ജാമ്യം അനുവദിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ 24 മണിക്കൂറിനുള്ളിൽ അടുത്തുള്ള മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നത്. അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് മജിസ്‌ട്രേറ്റ് കോടതിയിൽ എത്താൻ ആവശ്യമായ സമയം ഒഴികെയാണ് ഈ നിബന്ധന. ആ സമയപരിതിക്കപ്പുറം ഒരാളെ തടങ്കലിൽ വയ്ക്കാൻ പാടില്ല എന്ന കർശനമായ വിലക്കുണ്ട്. എന്നാൽ പലപ്പോഴും ഇതല്ല സംഭവിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണത്തിന്റെ ഭാഗമായി ആളുകളെ കസ്റ്റഡിയിൽ എടുക്കും. എന്നാൽ അറസ്റ്റ് ഉടൻ രേഖപ്പെടുത്താറില്ല. അനിയന്ത്രിതമായ അധികാരത്തിന്റെ ഈ സമയത്താണ് പൊലീസിൻ്റെ ക്രൂരതകൾ സാധാരണയായി സംഭവിക്കാറുണ്ടായിരുന്നത്. അത്തരം കസ്റ്റഡി മനുഷ്യാവകാശ ലംഘനങ്ങളുടെ ഉറവിടമാകാമെന്ന് കോടതി നിരീക്ഷിച്ചു.

തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് മുതലുള്ള സമയം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കേണ്ട 24 മണിക്കൂർ പരിധിയിൽ വരുമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തത വരുത്തിയത്. കസ്റ്റഡിയിലെടുക്കുന്ന സമയം മുതൽ 24 മണികൂർ തടങ്കൽ കാലയളവെന്ന പരിധി വരുന്നുണ്ടെന്ന് അമിക്കസ് ക്യൂറിയും നിലപാട് അറിയിച്ചിരുന്നു. കഞ്ചാവുമായി പിടികൂടിയ ബിശ്വജിത്ത് മണ്ഡലിനെ കസ്റ്റഡിയിലെടുത്ത് 29 മണിക്കൂറിന് ശേഷമാണ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയം കണക്കാക്കിയായിരുന്നു നടപടി. തുടർന്നാണ് പ്രതിക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

ENGLISH SUMMARY:

High Court clarifies custody period rules. The High Court has clarified that the 24-hour period for producing an accused before a magistrate starts from the time of custody, not the time of arrest registration.