manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്‌, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ - 1

സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. 

എറണാകുളത്തെ ഒരു സ്‌കൂളിൽ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനോ മാനേജ്‌മന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാൽ 'ഇനി വൈകിയെത്തരുത്' എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയിൽ ഇരുട്ടുമുറിയിൽ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.

ഇത് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളല്ല എന്നാണ് മനസ്സിലാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും.

ഇത്തരം വിഷയങ്ങളിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കുറഞ്ഞുവരുന്നത്. അധ്യാപകർക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തത് ഇതിനൊരു കാരണമായിരിക്കാം. മറ്റ് സ്ട്രീമുകളിലെ അധ്യാപകർക്കും കൃത്യമായ പരിശീലനം നിർബന്ധമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

School discrimination is strictly prohibited in Kerala schools, according to Minister V. Sivankutty. Allegations of a fifth-grader being locked in a dark room at a school in Ernakulam have come to the minister's attention, prompting an investigation and further action based on the report.