ഓണക്കാലത്ത് പഴകിത്തുരുമ്പിച്ച കെഎസ്ആര്‍ടിസി ബസുകളില്‍ കയറി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്കെത്തേണ്ട അവസ്ഥയില്‍ നിന്നും മലയാളികള്‍ക്ക് നേരിയ ആശ്വാസം. ബെംഗളൂരുവിലേക്കും, ചെന്നൈയിലേക്കും, മൂകാംബികയിലേക്കും ഓടിയെത്താന്‍ തയ്യാറായി പുത്തന്‍ എ.സി സ്ലീപ്പര്‍ ബസുകള്‍. വര്‍ഷങ്ങളായി യാത്രാക്ലേശം പറയുന്ന മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ ഇത്തവണ പരമാവധി സ്പെഷല്‍ സര്‍വീസിലൂടെ നാട്ടിലെത്തിക്കുമെന്ന് പരീക്ഷണ ഓട്ടത്തില്‍ വളയം പിടിച്ച് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു
പ്രൗഢിക്ക് കുറവില്ലാതെ. എ.സിയില്‍ ചാരിയിരുന്നും, സുഖമായി ഉറങ്ങിയും യാത്ര ചെയ്ത് നാട് പിടിക്കാനുള്ള സൗകര്യം. ഇതര സംസ്ഥാനങ്ങള്‍ മല്‍സരിച്ച് പുത്തന്‍ ബസിറക്കുമ്പോഴും വഴിയില്‍ കുടുങ്ങിപ്പോവുന്ന ബസല്ലേ നമുക്കുള്ളതെന്ന പതിവ് പരാതിക്ക് മാറ്റം വരുമെന്ന് മന്ത്രി. ഓടിച്ചുറപ്പിച്ചാണ് മന്ത്രി പുത്തന്‍ യാത്രാനുഭവവും പ്രതീക്ഷയും പങ്കുവയ്ക്കുന്നത്. ഓണത്തിന് വിവിധ ശ്രേണികളിലായി നൂറിലേറെ പുത്തന്‍ ബസുകള്‍ നിരത്തിലിറങ്ങും. കഷ്ടപ്പാട് മാറുന്നതിന്‍റെ ലക്ഷണം കണ്ട് തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
ഈമാസം ഇരുപത്തി ഒന്നിന് ശേഷം ഓടിത്തുടങ്ങുന്ന ബസുകളിലേക്ക് സീറ്റുറപ്പിക്കാന്‍ തിരക്കാണ്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നായി നാട്ടിലെത്താനുള്ള യാത്രാസൗകര്യം പരിമിതമെന്ന് തോന്നിയാല്‍ കെ.എസ്.ആര്‍.ടി.സി ബദല്‍ സൗകര്യമൊരുക്കുമെന്നാണ് ഗതാഗതമന്ത്രിയുടെ വാക്ക്.