ഗതാഗതക്കുരുക്കില്‍ പെട്ട ആംബുലന്‍സിന് വഴിയൊരുക്കിയ വനിത പൊലീസ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അത്യാസന്ന നിലയിലായ രോഗിയുമായി ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് തൃശൂർ അശ്വനി ജംഗ്ഷനിൽ വച്ച് ഗതാഗതതിരക്ക് അനുഭവപ്പെട്ടത്. ആംബുലൻസിന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃശൂര്‍ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അപർണ്ണ ലവകുമാറിൻറെ ശ്രദ്ധയിൽ പെടുകയും ഇവര്‍ സ്ഥലത്തേക്ക് ഓടിയെത്തുകയുമായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അപര്‍ണ്ണ വാര്‍ത്തകളിലും നിറഞ്ഞു.
എന്നാല്‍ ഇതാദ്യമായല്ല അപര്‍ണ്ണ വാര്‍ത്തകളില്‍ നിറയുന്നത്. മലയാളികളില്‍ ചിലരെങ്കിലും ഈ എഎസ്ഐയെ ഓര്‍ക്കുന്നുണ്ടാവും. 2019ല്‍ അപര്‍ണ്ണ ലവകുമാർ തനിക്കു അനുഗ്രഹമായി കിട്ടിയ തലമുടി, തൃശൂരിലെ അമല ഹോസ്പിറ്റലിലെ ക്യാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്തിരുന്നു. 2016ലും തന്‍റെ തലമുടി 80 % നീളത്തില്‍ മുറിച്ച്, ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി അപര്‍ണ്ണ ദാനം നല്‍കിയിരുന്നു. ഇതിനും മുന്‍പ് ആശുപത്രിയിൽ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ വിഷമിച്ച ഒരാൾക്ക് തന്‍റെ കയ്യില്‍ കിടന്ന സ്വര്‍ണ്ണവള ഊരി നല്‍കിയത് വാർത്തയായിരുന്നു
നെഹ്റു ട്രോഫി വള്ളംകളി മത്സരത്തില്‍ ഇത്തവണ തെക്കനോടി വിഭാഗത്തില്‍ ഒന്നാമതെത്തി ട്രോഫി കരസ്ഥമാക്കിയത് അപര്‍ണ്ണകൂടി തുഴയെറിഞ്ഞ കേരളാ പോലീസിന്‍റെ വനിതാ ടീം ആണ്. പ്രവർത്തന മികവിനും പ്രശസ്ത സേവനത്തിനുമുള്ള 2015-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അപര്‍ണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്.
ആംബുലന്‍സിന് വഴിയൊരുക്കിയ അപര്‍ണ്ണയുടെ വിഡിയോ പുറത്തുവന്നതോടെ പഴയ കാര്യങ്ങളെല്ലാം വീണ്ടും ചര്‍ച്ചയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ആനുവൽ അത്ലറ്റിക്ക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനക്കാരികൂടിയായ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ അപർണ്ണ ലവകുമാറിൻറെ ഈ പ്രവൃത്തിയെ തൃശൂർ സിറ്റി പോലീസ് കമ്മീഷർ ഇളങ്കോ ആർ ഐപിഎസ് പ്രശംസിക്കുകയും സന്ദർഭോചിതമായ കർത്തവ്യ നിർവ്വഹണത്തിന് ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.