കോട്ടയം മാങ്ങാനത്ത് വീട് കുത്തിത്തുറന്ന് അമ്പതുപവന്‍റെ സ്വര്‍ണാഭരണം കവര്‍ന്നു. വീട്ടുകാര്‍ ആശുപത്രിയില്‍ പോയപ്പോള്‍ രാത്രിയായിരുന്നു മോഷണം. കവര്‍ച്ചയ്ക്ക് ഒന്നിലധികം പേര്‍ ഉണ്ടായിരുന്നതായാണ് സംശയം.
മാങ്ങാനത്തെ വില്ലയിൽ 21ാം നമ്പർ കോട്ടേജിലാണ് രാത്രി മോഷണം നടന്നത്. അമ്പുങ്കയത്ത് അന്നമ്മ തോമസിന്‍റെ വീടിന്‍റെ വാതിൽ തകർത്ത മോഷ്ടാവ് കിടപ്പുമുറിയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന അമ്പത് പവന്‍റെ സ്വർണാഭരണമാണ് കവർന്നത്. ഇന്നലെ രാത്രി രണ്ടിനും പുലർച്ചെ ആറിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. 84 വയസുളള അന്നമ്മ തോമസും മകള്‍ 54 വയസുളള സ്നേഹയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
രാത്രി ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് അന്നമ്മയെ മാങ്ങാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്നേഹയും ഒപ്പമുണ്ടായിരുന്നു. ഇതിനുശേഷം ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കാണുന്നത്. വീടിൻറെ മുൻ വശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് വീടിനുളളില്‍ കയറിയത്. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി.
ശാസ്ത്രീയതെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചു. കവര്‍ച്ചയ്ക്ക് ഒന്നിലധികം പേര്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ മാങ്ങാനം തുരുത്തേല്‍ പാലത്തിന് സമീപം ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ രാത്രി മോഷണശ്രമം നടന്നു. നിരീക്ഷണകാമറയില്‍ പതിഞ്ഞ ഒരാളുടെ ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.