TOPICS COVERED

ജയിലുകളിലല്ല, സ്‌കൂളുകളിലാണ് മികച്ച ഭക്ഷണം നല്‍കേണ്ടതെന്ന നടന്‍ കുഞ്ചാക്കോ ബോബന്റെ പരാമര്‍ശത്തിന് മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ കുഞ്ചാക്കോ ബോബനെ ക്ഷണിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കുഞ്ചാക്കോ ബോബനൊപ്പം താനും വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജയിലിലാണ് നല്ല ഭക്ഷണം കിട്ടുന്നതെന്നും കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവര്‍ക്ക് ഏറ്റവും നല്ല സാഹചര്യമൊരുക്കാനാണ് ഏതൊരു സര്‍ക്കാരും ശ്രമിക്കേണ്ടത് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. തൃക്കാക്കര നിയോജകമണ്ഡലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ തുടങ്ങിയ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

'നമുക്കറിയാം, ഇപ്പൊ ജയിലുകളിലാണ് കുറച്ചുകൂടെ നല്ല ഭക്ഷണം കിട്ടുന്നതെന്ന് തോന്നുന്നു. അല്ലേ? അതിനൊരു മാറ്റം വരണം. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവര്‍ക്ക് ഏറ്റവും നല്ല സാഹചര്യമൊരുക്കാനാണ് ഏത് സര്‍ക്കാരും ശ്രമിക്കേണ്ടത്.' -ഇതാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. കുട്ടികള്‍ക്ക് പോഷകാഹാരമുള്ള പ്രഭാതഭക്ഷണം നല്‍കുന്ന 'സുഭിക്ഷം തൃക്കാക്കര' പദ്ധതി മാതൃകാപരമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

വി. ശിവന്‍കുട്ടിയുടെ പോസ്റ്റ്'മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ് -കുഞ്ചാക്കോ ബോബന്‍' ഈ രൂപത്തിലുള്ള ഗ്രാഫിക്‌സ് കാര്‍ഡുകള്‍ ആണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. എന്താണ് ചാക്കോച്ചന്‍ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകള്‍ ഞാന്‍ കേട്ടു. ചാക്കോച്ചന്‍ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്. എന്തായാലും ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികള്‍ക്കും സന്തോഷമാവും. കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.

ENGLISH SUMMARY:

Kunchacko Boban has been invited by Kerala Education Minister V. Sivankutty to observe midday meals at a government school. This invitation follows the actor's recent remarks on school food quality, prompting the minister's public response via Facebook.