മോഷണം പോയ മണി കാല്‍നൂറ്റാണ്ടിന് ശേഷം തൊടുപുഴ യൂണിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറങ്ങിന് തിരിച്ചു കിട്ടി. മോഷ്ടാവ് തന്നെ മണി പ്രിന്‍സിപ്പലിന് കൈമാറി. കോളജിലെ ആദ്യബാച്ചില്‍ വിദ്യാര്‍ഥിയായിരുന്ന പ്രദീപാണ് മണി അടിച്ചുമാറ്റിയത് . മറ്റൊരു സുഹൃത്ത്, മണി ഈ 25വര്‍ഷക്കാലം സൂക്ഷിച്ചു. ഒടുവില്‍ ആദ്യബാച്ചിന്‍റെ പുനസമാഗമത്തില്‍ ഒരു സസ്പെന്‍സായി മണിക്കഥയുടെ ചുരുളഴിഞ്ഞു.
പുര്‍വവിദ്യാര്‍ഥിസംഗമത്തില്‍ മണിമോഷണത്തിന്‍റെ കഥ പ്രദീപ് പറഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ പ്രിന്‍സിപ്പല്‍ ഇടപെട്ടു . ക്യാംപസിലെ അഞ്ചംഗസംഘത്തിലുള്‍പ്പെട്ട പ്രദീപാണ് മണി അടിച്ചുമാറ്റിയത് . ആ പാവം മണിയോട് വിരോധമുണ്ടാകാന്‍ എന്താണ് കാരണമെന്നായിരുന്നു അന്ന് അധ്യാപികയായിരുന്ന ഇപ്പോഴത്തെ പ്രിന്‍സിപ്പലിന്‍റെ ചോദ്യം .
കൃത്യമായി ഓര്‍മയില്ലെന്ന ആമുഖത്തോടെയാണ് പ്രദീപ് തുടങ്ങിയത് . 1996–2000 കാലം. പതിവായി വൈകിയെത്തുന്നതിന് വിദ്യാര്‍ഥികള്‍ വിശദീകരണം കൊടുത്തു മടുത്തിരുന്നു. ഒരു ദിവസം ബെല്ലടിച്ച ശേഷം കോളജിലെത്തിയ പ്രദീപിന് മണിയോട് കലശലായ ദേഷ്യം വന്നു. എന്നാല്‍ പിന്നെ ആ മണി അവിടെ വേണ്ട എന്ന് തീരുമാനിച്ചു . തരം കിട്ടിയപ്പോള്‍ അത് അടിച്ചുമാറ്റി . ഡേ സ്കോളറായതിനാല്‍ മണിയുമായി വീട്ടില്‍ പോകുന്നത് ഉചിതമാകില്ലെന്ന് തോന്നി. തുടര്‍ന്ന് മണി സുഹൃത്തായ അനുജിന്‍റെ ഹോസ്റ്റല്‍ മുറിയിലെ ബെഡിനടിയില്‍ ഒളിപ്പിച്ചു. കോഴ്സുകഴിഞ്ഞ് വീട്ടില്‍പോയ അനുജ് മണിയും കൂടെക്കൊണ്ടുപോയി . ഇതുവരെ സൂക്ഷിച്ചു.
പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് എത്തിയ അനൂജ് റിസ്കെടുത്ത് വിമാനത്തിലാണ് കോളജിലെ പഴയമണി എത്തിച്ചത്. തിരിച്ചു കിട്ടിയമണി കോളജില്‍ തന്നെ തൂക്കുമെന്നും .ഇക്കാര്യം എല്ലാവരോടും പറയുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞത് കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്. ഇവരോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു എന്ന അന്നത്തെ പ്രിന്‍സിപ്പല്‍ ആന്‍റണി സാറിന്‍റെ പ്രഖ്യാപനം ചിരിപടര്‍ത്തി. മോഷണം പോയ മണി കണ്ടെത്താന്‍ അന്ന് കോളജില്‍ വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മോഷ്ടിക്കാന്‍ പറ്റാത്ത രീതിയില്‍ കോളജില്‍ ഇലക്ട്രിക് ബെല്‍ സ്ഥാപിക്കുകയായിരുന്നു