vacation-time

മഴ തകര്‍ത്തുപെയ്യുകയാണ് മേയ് അവസാനം മുതല്‍ സംസ്ഥാനത്ത് മഴ ഒഴിഞ്ഞ ദിവസങ്ങളില്ല എന്നു പറയാം. ജൂണും ജൂലൈയും കടന്ന് മഴക്കാലത്തിന്‍റെ പകുതി പിന്നിട്ടപ്പോഴാണ് വിദ്യാഭ്യാസ മന്ത്രി  വി.ശിവന്‍കുട്ടി കേരളത്തിന് നേരെ ഒരു ചോദ്യം എറിഞ്ഞത്.  സ്കൂളുകളുടെ രണ്ടുമാസ  വാര്‍ഷിക അവധിക്കാലം ജൂണ്‍ , ജൂലൈയിലേക്ക് മാറ്റിയാലോ? പൊതു ചര്‍ച്ചയാവാം എന്നു മന്ത്രി പറഞ്ഞു തീരുംമുന്‍പേ വന്നു കമന്‍റുകളുടെ പെരുമഴ. 

പെരുമഴ പെയ്യുമ്പോള്‍, വെള്ളം പൊങ്ങുമ്പോള്‍ മണ്ണിടിച്ചിലുണ്ടായാല്‍ എല്ലാം സ്കൂളുകള്‍ക്ക് അവധി നല്‍കും. ഓറഞ്ച് , റെഡ് അലര്‍ട്ട് വന്നാല്‍ ഇന്ന് ആദ്യം ഉയരുന്ന ചോദ്യം നാളെ അവധിയാണോ എന്നതാണ്. ദുരന്തനിവാരണ മാനദണ്ഡങ്ങള്‍വെച്ച് ഓറഞ്ച് –റെഡ് അലര്‍ട്ടുണ്ടെങ്കില്‍ അവധി നല്‍കുകയും വേണം . അപ്പോള്‍ പഠന ദിവസങ്ങള്‍ ഏറെ നഷ്ടപ്പെടും. ഇതാണ് അവധിക്കാലം ഏപ്രില്‍–മേയ് എന്നതില്‍ നിന്ന് ജൂണ്‍–ജൂലൈയിലേക്ക് മാറ്റിയാലോ എന്ന ചിന്തയുടെ അടിസ്ഥാനം. 

sivankutty

അവധിമാറ്റാം എന്ന ആശയം തന്നെ ഏറെ ചര്‍ച്ചക്ക് വഴിവെക്കുമെന്ന് കണ്ടാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പൊതുചര്‍ച്ചക്കായി ഈ വിഷയം മുന്നോട്ട് വെക്കുന്നു എന്ന് സാമൂഹികമാധ്യമ പോസ്റ്റില്‍കുറിച്ചത്. ഈ മാറ്റത്തിന്‍റെ ഗുണദോഷങ്ങളെന്താണ്? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇതെങ്ങനെ ബാധിക്കും?  ഇത് പ്രായോഗികമാണോ? അഭിപ്രായം അറിയിക്കാന്‍ മന്ത്രി മുന്നോട്ട് വെച്ച ചോദ്യങ്ങളാണിവ. 

വലിയൊരു മാറ്റത്തിന് തുടക്കമിടുന്നത് തുറന്ന ചര്‍ച്ചയോടെ ആകാം എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതില്‍ തന്നെ നല്ല ജനാധിപത്യ ബോധമുണ്ടെന്ന് സമ്മതിച്ചേ പറ്റൂ. ആര്‍ജവവും യുക്തിയും ചേര്‍ന്നൊരു നിലപാടാണത്. മന്ത്രിയുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുളോടു കമന്‍റുകളാണ്. നല്ല തീരുമാനമെന്നാണ് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ശ്രീജിത്ത് എന്‍.കുമാര്‍പറയുന്നത്. പകര്‍ച്ചവ്യാധികളുടെ കാലമായ മഴക്കാലത്ത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലത് അവധി നല്‍കുന്നതാണെന്നാണ് ഡോ.ശ്രീജിത്ത് എന്‍.കുമാര്‍ പറയുന്നത്. എഴുത്തുകാരിയായ അനീഷ്യ ജയദേവ് ചോദിക്കുന്നത് അപ്പോള്‍ കുട്ടികള്‍ക്ക് കളിസമയം എങ്ങനെ കിട്ടും എന്നാണ്. പ്രവാസിയായ സെയിഫ് മലയില്‍ എഴുതുന്നത് നല്ല തീരുമാനമെന്നും. അവധിക്ക് നാട്ടില്‍വരുമ്പോള്‍ കുട്ടികള്‍ക്കും അവധിയായാല്‍ സന്തോഷം എന്നാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. മേയ്– ജൂണിലാക്കിക്കൂടെ അവധി എന്ന് ധാരാളം പേര്‍ ചോദിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാനും യാത്രപോകാനും കായിക പരിശീലനത്തിനുപോകാനും എല്ലാം നല്ലത് ഇപ്പോഴുള്ള ഏപ്രില്‍– മേയ് അവധി തന്നെയാണ് അതു മാറ്റേണ്ടകാര്യമില്ലെന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളവരും ഏറെയുണ്ട്. 

holiday-school

മഴക്കാലത്ത് കുട്ടികളെ വീട്ടില്‍ നിറുത്തിയാല്‍ അവര്‍ ജലാശയങ്ങളില്‍ കളിക്കനിറങ്ങും അത് വലിയ അപകടത്തിന് വഴിവെക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.  കടുത്ത വേനലില്‍ ക്ളാസില്ലാതിരിക്കുന്നതല്ലേ നല്ലതെന്ന ചോദ്യവും പലരും കുറിച്ചിരിക്കുന്നു. കനത്ത  മഴക്കാലത്ത് കുട്ടികളെ ഒറ്റക്ക് വീട്ടിലാക്കിപോവുക സാധ്യമല്ലെന്ന് പറയുന്ന ജോലിക്കാരായ മാതാപിതാക്കളും അനവധി.

ഏതായാലും നല്ല ചര്‍ച്ചക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കും വഴി തുറന്നിരിക്കുകയാണ് വി.ശിവന്‍കുട്ടിയുടെ പോസ്റ്റ്. കടുത്ത വേനല്‍ താങ്ങാനാവാതെ ബ്രിട്ടിഷ് ഭരണാധിപന്‍മാരാണ് വേനല്‍ അവധി എന്ന ആശയം കൊണ്ടുവന്നതും നടപ്പാക്കിയതും. വേനല്‍ക്കാലത്ത് തലസ്ഥാനം പോലും മലമുകളിലേക്ക് മാറ്റിയവരാണവര്‍. കാലാവസ്ഥ അപ്പാടെ തകിടം മറിയുമ്പോള്‍ ജീവിത രീതിയും മാറിയേ മതിയാകൂ. കേരളത്തില്‍ മഴ കനത്തു, തീവ്ര മഴദിനങ്ങളും കൂടി. വെള്ളപ്പൊക്കവും ശക്തമായ കാറ്റും കടലേറ്റവും മണ്ണിടിച്ചിലും ദൈനംദിന സംഭവങ്ങളായിക്കഴിഞ്ഞു. അപ്പോള്‍ അതിനനുസരിച്ച് നമ്മളും മാറേണ്ടെ? യഥാര്‍ഥത്തില്‍കാലാവസ്ഥാ മാറ്റം എത്രമാത്രം കേരളത്തെ ബാധിച്ചു കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് വേനലവധി വേണ്ടെന്നു വെച്ച്  മഴക്കാലം അവധിയാക്കി മാറ്റിയാലോ എന്ന ആലോചന തന്നെ.