Image Credit: Manorama
രാജ്യത്തെ നടുക്കിയ ഉരുള്‍ ദുരന്തത്തിന്‍റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്. വയനാട്ടിലെ മുണ്ടക്കൈയെയും ചൂരല്‍മലയെയും ഇല്ലാതാക്കിയ ആ വിറങ്ങലിച്ച രാത്രി നോവായി ഇന്നും മനസുകളില്‍ അവശേഷിക്കുന്നു. കണ്ടെത്താന്‍ കഴിയാത്ത 32 പേര്‍ ഉള്‍പ്പെടെ 298 ജീവനുകളാണ് ഉരുള്‍ കവര്‍ന്നെടുത്തത്. വെള്ളരിമലയുടെ താഴ്വാരത്ത് കുറച്ച് ദിവസമായി മഴയുണ്ടായിരുന്നു. പുന്നപ്പുഴയിലെ ഒഴുക്കും തണുപ്പും ഈ നാട്ടുകാര്‍ക്ക് പുതുമയല്ല. തോരാനുള്ളതാണ് ഓരോ മഴയും എന്ന് അവര്‍ പറയും. അങ്ങനെ ഉറങ്ങാന്‍ കിടന്നവരാണ്. തലയ്ക്ക് മുകളില്‍ ഒരു ജലബോംബ് തയാറാകുന്നത് ആരുമറിഞ്ഞില്ല.
മുണ്ടക്കൈയ്ക്ക് മൂന്ന് കിലോമീറ്റര്‍ അകലെ പുഞ്ചിരിമട്ടത്തിനും മുകളില്‍ വെള്ളോലിപ്പാറയില്‍ നിന്ന് മണ്ണും പാറക്കല്ലുകളും അടര്‍ന്ന് മാറിയ ശബ്ദമായിരുന്നു അത്. ആദ്യത്തെ ഉരുള്‍പൊട്ടല്‍. ചിന്തിക്കുന്നതിനും മുന്‍പേ മുണ്ടക്കൈ മുങ്ങി. വീടുകള്‍ നിലംപൊത്തി. ജീവന് വേണ്ടിയുള്ള നിലവിളികളാണ് പിന്നെ കേട്ടത്. അവിടെയും നിന്നില്ല. വെള്ളവും കല്ലും മരങ്ങളും അടിഞ്ഞ് തടാകം പോലെ രൂപപ്പെട്ട ആ ബോംബ് വീണ്ടും പൊട്ടി. മുണ്ടക്കൈയില്‍ അടുത്ത ഉരുള്‍പൊട്ടല്‍. രണ്ട് നിലകെട്ടിടത്തിന്‍റെ ഉയരത്തില്‍ ചൂരല്‍മല അങ്ങാടിയിലേക്ക് മലവെള്ളം ഇരച്ചെത്തി.
നീതുവിന്‍റെ ഈ ശബ്ദം മലയിറങ്ങി. നാടൊന്നാകെ എത്തിത്തുടങ്ങി. രക്ഷാ കരങ്ങള്‍ നീണ്ടു. അപ്പോളേക്കും, വെള്ളാര്‍മല സ്കൂളിന്‍റെ പ്രതിരോധകോട്ടയും കടന്ന ഉരുള്‍ ചൂരല്‍മല പാലം തകര്‍ത്തെറിഞ്ഞു. നാട് രണ്ടായി പിളര്‍ന്നു. നാടിന്‍റെ രക്ഷാദൗത്യമാണ് പിന്നെ കണ്ടത്. 33 മണിക്കൂര്‍ കൊണ്ട് സൈന്യം ബെയ്ലി പാലം സജ്ജമാക്കി. മനുഷ്യസാധ്യമായതെല്ലാം ചെയ്തിട്ടും മരണം മാറിനിന്നില്ല. കിലോമീറ്ററുകള്‍ അകലെ ചാലിയാറില്‍ നിന്നാണ് പലരുടെയും ജീവനറ്റ ശരീരം കണ്ടത്തിയത്. 48 മണിക്കൂറിനിടെ അന്ന് പെയ്തത് 572 മില്ലിമീറ്റര്‍ മഴയാണ്. അപകടമുന്നറിപ്പും ഉണ്ടായിരുന്നില്ല.
ജാതിയും മതവും ഇല്ലാതെ പുത്തുമലയിലെ ഈ കുടീരത്തില്‍ അവര്‍ ഒന്നിച്ചുറങ്ങുന്നു. തിരിച്ചറിയാന്‍ കഴിയാതെ സംസ്കരിച്ചവര്‍ക്ക് നമ്പറുകള്‍ നല്‍കിയിരിക്കുന്നു. പിഞ്ചുകുരുന്നുകള്‍ക്ക് കൂട്ടുകാര്‍ സമര്‍പ്പിക്കുന്ന ഈ കളിപ്പാട്ടങ്ങള്‍ കാണുമ്പോള്‍ ആര്‍ക്കാണ് നെഞ്ചൊന്ന് പിടയാത്തത്. മാഞ്ഞുപോയ ഒരു നാടിനെ വീണ്ടും വീണ്ടും ചേര്‍ത്തുനിര്‍ത്താനുള്ള ഓര്‍മപ്പെടുത്തലായി മറ്റൊരു ജൂലൈ 30 മാറുന്നു.