chooralmala-abhilash-noufal-2

അഭിലാഷ്, നൗഫല്‍

ജീവിതത്തില്‍ ആദ്യമായി വയനാട് ചുരം കയറിയത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായ മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്യാനാണ്. ദുരന്തത്തിന്റെ മൂന്നാം പക്കം അവിടെ ചെല്ലുമ്പോഴും എവിടെയും മരണത്തിന്‍റെ ഗന്ധമായിരുന്നു. ഒരാഴ്ച നീണ്ടുനിന്ന റിപ്പോര്‍ട്ടിങ് അനുഭവത്തിനിടയില്‍ ജീവിതത്തിന്‍റെ അര്‍ത്ഥവും മധുരവും നഷ്ടപ്പെട്ട എത്രയോ മനുഷ്യരെ നേരിട്ട് കണ്ടു. ചെറിയ കാര്യങ്ങള്‍ക്ക് വരെ സ്വയം ജീവനെടുക്കുന്ന കാലത്ത്, ഉരുള്‍ അവശേഷിച്ചവ‍ര്‍ക്ക് വേണ്ടി ജീവിക്കണമെന്ന് പറഞ്ഞവര്‍ അതിജീവനത്തിന്‍റെ പുതിയ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയവരാണ്.  കണ്ണുകള്‍ അടച്ച് വയനാട് എന്ന് മനസില്‍ ഓര്‍ത്താല്‍  ഇന്നും തെളിഞ്ഞുവരുന്നത് രണ്ടു മുഖങ്ങളാണ്. അവര്‍ ഞങ്ങളുടെ മുന്‍പിലേക്ക് വന്ന വഴികള്‍ ചികഞ്ഞെടുത്താല്‍ അറിയാതെ കണ്ണുനിറയും. രണ്ടുപേരും ജീവിതത്തിന്റെ പുതുവഴിയിലാണ്. 

അഹന്യയുടെ ഓ‍ര്‍മയ്ക്ക് ഒരു മകള്‍

നിങ്ങൾക്ക് എന്തെങ്കിലും സ്മെൽ തോന്നുന്നുണ്ടോ? മകളുടെ മൃതദേഹം തിരഞ്ഞുകൊണ്ട് ഒരച്ഛൻ നിങ്ങളോട് ഇങ്ങനെ ചോദിച്ചാൽ എങ്ങനെയിരിക്കും. ആ നിർഭാഗ്യവനായ അച്ഛനെ നമുക്ക് മറക്കാൻ പറ്റുമോ. അതാണ് അഭിലാഷ്. അഭിലാഷിനെ കണ്ടതും സംസാരിച്ചതും ഇന്നും നടുക്കത്തോടെയെ  ഓ‍ര്‍ക്കാനാവു. 

വെള്ളാർമല്ല സ്കൂളിന്റെ തൊട്ടടുത്തായിരുന്നു അഭിലാഷിന്റെ വീട്.  ആ വീട് നിന്നിടം പോലും ഉരുളെടുത്തു. ഇരുട്ടിന്റെ മറവില്‍ ദുരന്തം പാഞ്ഞെത്തുമ്പോള്‍ അഭിലാഷ് ഗള്‍ഫിലായിരുന്നു. ഭാര്യ പ്രജിതയും മകള്‍ അഹന്യയും അച്ഛനും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. വെള്ളാ‍ര്‍മല സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാ‍ര്‍ഥിനിയായിരുന്നു കുഞ്ഞു അഹന്യ. അഹന്യ ഒഴികെ മൂന്നുപേരും രക്ഷപ്പെട്ടു.  

ദുരന്തത്തിന്റെ അഞ്ചാംനാൾ വൈകിട്ട് വെള്ളാർമല സ്കൂളിന്റെ കെട്ടിടത്തോട് ചേർന്ന് അടിഞ്ഞുകൂടിയ മരങ്ങളും മറ്റും മണ്ണുമാന്തി യന്ത്രം നീക്കി പരിശോധന നടത്തുകയാണ്. ഒരു മൃതദേഹത്തിനായുള്ല തിരച്ചിലാണ്. ശരീരഭാഗങ്ങള്‍ക്ക് ഒരു പോറലും ഏല്‍ക്കാതിരിക്കാന്‍ മണ്ണുമാന്തി യന്ത്രം കരുതലോടെയാണ് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കുന്നത്.  ഒരു ലൈവ് കഴിഞ്ഞ് നില്‍ക്കുമ്പോള്‍ അടുത്തേക്ക് വന്ന് ഒരാള്‍ മൃതദേഹത്തിന്റെ സ്മെല്ലുണ്ടോയെന്ന് ചോദിച്ചു. രക്ഷാപ്രവര്‍ത്തകനാണെന്ന് കരുതി, ഇല്ലെന്ന് മറുപടി പറഞ്ഞു. ഒന്ന് രണ്ട് കാര്യങ്ങള്‍ കൂടി സംസാരിച്ചു. അതിനിടയിലാണ് സ്വന്തം മകളെയാണ് തിരയുന്നതെന്നും ഗള്‍ഫില്‍ നിന്ന് തലേന്നാണ് വന്നതെന്നും അച്ഛനും അമ്മയും ഭാര്യയും ആശുപത്രിയിലാണെന്നും അയാള്‍ പറഞ്ഞുനിര്‍ത്തിയത്. അയാളുടെ മുഖത്തേക്ക് നോക്കാനുള്ള കരുത്ത് അപ്പോഴേക്കും ചോ‍ര്‍ന്നുപോയിരുന്നു. വല്ലാത്ത മരവിപ്പാണ് അനുഭവപ്പെട്ടത്. Also Read: 'എനിക്കെന്‍റെ മോളെ കിട്ടിയാല്‍ മതി'; ദുരന്തമുഖത്ത് പൊന്നോമനയെ തേടി ഒരച്ഛന്‍


ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ മതിയാകില്ലെന്ന് ബോധ്യപ്പെട്ട നിമിഷം. അഭിലാഷിനെ കാണാന്‍ കഴിയാത്ത വിധം കാഴ്ച മങ്ങിയപ്പോള്‍ ഒരു കാര്യം മനസിലായി. കണ്ണ് നിറഞ്ഞിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന ക്യാമറാമാന്‍ ജയന്‍ കല്ലുമലയുടെ കണ്ണുകളും നിറഞ്ഞു ഒഴുകുകയാണ്. അടുത്ത ലൈവില്‍ എന്റെ ചോദ്യങ്ങള്‍ക്ക് അഭിലാഷ് മറുപടി പറഞ്ഞു. മകളെ കിട്ടണം. ജീവിതത്തില്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാം. പക്ഷേ ജീവന്‍ അങ്ങനെയല്ലല്ലോയെന്ന് പറഞ്ഞ്, നിസംഗനായി ആ ബഹളത്തിനിടയിലേക്ക് അയാള്‍ പോയി മറഞ്ഞു. 

തുട‍ര്‍ന്നുള്ള ദിവസങ്ങളില്‍ എപ്പോഴോ അഹന്യയുമൊത്തുള്ള ഫ്രെയിം ചെയ്ത കുടുംബചിത്രം, അടിഞ്ഞുകൂടിയ മാലിന്യകൂമ്പാരത്തില്‍ നിന്ന് തിരച്ചിലിനിടയില്‍ അഭിലാഷിന് കിട്ടി. അതും പിടിച്ചുള്ള അയാളുടെ നടപ്പ് മുഹമ്മദ് റാഷിദ്  ഒരു ഹൃദയംനുറുങ്ങുന്ന ഒരു സ്റ്റോറിയാക്കിയതും ഓ‍ര്‍ക്കുന്നു. 

അഹന്യയെ അഭിലാഷിനും കുടുംബത്തിനും കണ്ടെത്താനായില്ല. മറ്റൊരു കുടുംബം സ്വന്തം മകളാണെന്ന് കരുതി അഹന്യയെ സംസ്കരിച്ചതായി അവര്‍ക്ക് പിന്നീട് മനസിലാക്കാന്‍ കഴിഞ്ഞു. ആരോട് പരിഭവിക്കാന്‍. മകള്‍ പോയി. അതാണ് യാഥാര്‍ഥ്യം. 

അഹന്യ പോയി ഒരു വര്‍ഷമാകുമ്പോള്‍ അഭിലാഷിനും പ്രജിതയ്ക്കും കഴിഞ്ഞദിവസം ഒരു മകള്‍ പിറന്നു. നനന്യ എന്നാണ് അവള്‍ക്ക് പേരിട്ടിരിക്കുന്നതെങ്കിലും അവ‍ര്‍ക്ക് അവള്‍ അഹന്യ തന്നെയാണ്. അഹന്യയ്ക്കായി ബാക്കിവച്ച സ്നേഹവും ഉമ്മയുമെല്ലാം ഇനി അവള്‍ക്കാണ്. അവള്‍ നന്നായി വളരട്ടെ. 

നൗഫല്‍ തൊണ്ടയില്‍ കുരുക്കിയ ചോറ്

മുണ്ടക്കൈയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഏതാണ്ട് ഉച്ചയ്ക്ക് ഒന്നര ആയിക്കാണും. വൈറ്റ് ഗാ‍‍ര്‍ഡ് എന്ന  സന്നദ്ധസംഘടന നല്‍കിയ ഭക്ഷണപ്പൊതി വാങ്ങി, ഉരുളുപൊട്ടി വന്ന ഒരു കല്ലിന് മുകളില്‍ വിട‍ര്‍ത്തിവച്ച് ഞങ്ങള്‍ കഴിച്ചുതുടങ്ങി. അതിനിടയില്‍ ഒരുകൂട്ടം ആളുകള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു.   ദുരന്തഭൂമിയിയിലേക്കുള്ള ഡിസാസ്റ്റര്‍ ടൂറിസം തുടങ്ങിയ സമയമായിരുന്നു. ചിലരെങ്കിലും രക്ഷാപ്രവര്‍ത്തനമെന്ന പേരില്‍ കടന്നുവന്ന് സ്ഥലം സന്ദ‍ര്‍ശിച്ച് സെല്‍ഫിയെടുക്കുന്ന ഏര്‍പ്പാടില്‍ ഏര്‍പ്പെട്ടിരുന്നു. അങ്ങനെയൊരു സംഘമാണെന്ന് കരുതിയിരിക്കുമ്പോഴാണ് അതിലൊരാള്‍ ഞങ്ങള്‍ നിന്നിടത്ത് തറയിലിരുന്ന് വാവിട്ട് കരഞ്ഞുതുടങ്ങിയത്. പെട്ടെന്ന് നടുങ്ങിപ്പോയി. ജയന്‍ കല്ലുമലയും നിഫിനും ഭക്ഷണം വലിച്ചെറിഞ്ഞ് ക്യാമറയുടെ അടുത്തേക്ക് പോയി. ഞാന്‍ ഭക്ഷണപ്പൊതി താഴേക്കെറിഞ്ഞു മാറിനിന്നു. തൊണ്ടയില്‍ ചോറ് കുരുങ്ങിനിന്നു. കൂടെ വന്നവരില്‍ ഒരാളോട് വിവരങ്ങള്‍ ചോദിച്ചു. ആ യുവാവിന്റെ പെങ്ങളുടെ മകന്‍ എന്ന് പരിചയപ്പെടുത്തിയ തഫ്സീല്‍ എന്ന ചെറുപ്പക്കാരന്‍ അയാളെക്കുറിച്ച് പറഞ്ഞുതുടങ്ങി. 

അതാണ് നൗഫല്‍. അവിടെയായിരുന്നു നൗഫലിന്റെ വീട്. ഒന്നും രണ്ടുമല്ല. 11 പേരെ നഷ്ടപ്പെട്ട നൗഫല്‍. വാപ്പ, ഉമ്മ, ഭാര്യ, മൂന്നു മക്കള്‍, സഹോദരന്‍, സഹോദരന്റെ ഭാര്യ, അവരുടെ മൂന്നു മക്കള്‍. ആകെ 11 പേര്‍. തരിച്ചപോയി. വിദേശത്തായിരുന്ന നൗഫല്‍ ഒരു മകളുടെ മൃതദേഹം തിരിച്ചറിഞ്ഞത് അയാള്‍ ലീവിന് വന്നപ്പോള്‍ വാങ്ങിക്കൊടുത്ത സ്വര്‍ണ്ണക്കമ്മല്‍ കണ്ടാണ്. കരഞ്ഞുതളര്‍ന്ന നൗഫലിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അയാള്‍ എഴുന്നേറ്റ് കരഞ്ഞുകൊണ്ട് ശവപ്പറമ്പായി മാറി സ്ഥലത്ത് ചുറ്റിനടന്നു. അടുത്തേക്ക് ചെന്ന് കെട്ടിപ്പിടിച്ചു. നൗഫല്‍ മറുപടിയായി ഒന്നേ ആവശ്യപ്പെട്ടുള്ളു. പ്രാ‍ര്‍ഥിക്കണം. 

ആ നൗഫലിനെ നാട് ചേ‍ര്‍ത്തുപിടിച്ചു. നാടിന്റെ സഹായത്തോടെയാണ് മേപ്പാടിയില്‍ തുടങ്ങിയ സ്ഥാപനത്തിന് ജൂലൈ മുപ്പത് എന്ന പേരിട്ടതുമൊക്കെ പിന്നീട് വാര്‍ത്തയായി. പക്ഷേ നൗഫലിന്റെ ആ കരച്ചില്‍ ഇന്നും കാതില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. 

സര്‍വ്വതും നഷ്ടപ്പെട്ട ആ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ചാലും അവരുടെ നഷ്ടം നികത്താവില്ലെന്ന ബോധ്യം ഈ നാടിന് എന്നും ഉണ്ടാകണം. 

ENGLISH SUMMARY:

A touching account of two survivors of the 2019 Chooralmala landslide in Wayanad. Abhilash lost his daughter Ahnya, whose body was never recovered. Noufal lost 11 family members in a single night. Their stories reveal unbearable loss and remarkable resilience. From identifying loved ones through jewelry to holding on to framed photos from debris, this narrative captures the human cost of one of Kerala’s worst natural disasters.