പുസ്തകം തുറന്ന് വച്ച് പരീക്ഷ എഴുതാൻ പറ്റുമോ? പറ്റില്ലെന്ന് പറയാന്‍ വരട്ടെ. അങ്ങനെ പരീക്ഷ എഴുതാൻ പറ്റുന്ന ഒരു സ്കൂളുണ്ട് കണ്ണൂർ നിടുവാലൂരിൽ. എന്താണ് ഇതിനു പിന്നിലെ ഉദ്ദേശ്യമെന്നല്ലേ...
പുസ്തകം തുറന്ന് വച്ച് പരീക്ഷ എഴുതുകയോ! കേൾക്കുമ്പോൾ കൗതുകം തോന്നാം, പുസ്തകത്തില്‍ നോക്കി എഴുതാനാണെങ്കില്‍ എന്തിനാണ് പിന്നെ പരീക്ഷ എന്ന ചോദ്യവും മനസില്‍ വരും. കുട്ടികളിലെ വായനാശീലം കുറയുന്നതിനുള്ള പരിഹാരമെന്ന നിലയില്‍ നിടുവാലൂർ എ യു പി സ്കൂൾ കഴിഞ്ഞ 3 വർഷമായി പിന്തുടരുന്ന പ്രത്യേക പഠന രീതിയാണ് ഓപ്പൺ ബുക്ക് എക്സാം. വെറും പുസ്തകം നോക്കി എഴുതൽ മാത്രമല്ല. നന്നായി പഠിക്കാൻ സഹായകരമാണെന്നും, നല്ല അനുഭവമാണ് ഇതെന്നും ഏറെ സന്തോഷത്തോടെ കുട്ടികൾ പറയുന്നു.
വ്യത്യസ്തമായ ആശയത്തിന് രക്ഷിതാക്കളുടേയും പൂർണ്ണ പിന്തുണയുണ്ട്. കാലം മാറിയതോടെ പഠന രീതികളും മാറി. മറ്റ് സ്കൂളുകളിലും പരീക്ഷിക്കാവുന്ന വ്യത്യസ്ത പഠന രീതി കൂടിയാണ് നിടുവാലൂർ സ്കൂളിലെ ഓപ്പൺ ബുക്ക് എക്സാം.