കാസർകോട്ട് കർക്കിടകത്തിൽ ഗൃഹ സന്ദർശനത്തിന് എത്തി അടിവേടൻ തെയ്യങ്ങൾ. ആടിയും, വേടനയുമായി കുട്ടികളാണ് പഞ്ഞ മാസത്തിൽ വീടുകളിൽ എത്തുന്നത്. കർക്കിടകത്തിലെ ദോഷങ്ങൾ ഇല്ലാതാക്കാൻ പാർവതിയും പരമേശ്വരനുമാണ് തെയ്യ രൂപങ്ങളിൽ എത്തുന്നതെന്നാണ് വിശ്വാസം.
കർക്കിടകം ഒന്നു മുതൽ സംക്രമം വരെയാണ് കുട്ടി തെയ്യങ്ങൾ വീടുകളിൽ എത്തുക. പഞ്ഞ മാസത്തിന്റെ ദോഷങ്ങൾ ഇല്ലാതാക്കാൻ ആടി വേടൻ രൂപങ്ങളിൽ പാർവതിയും പരമേശ്വരനുമാണ് എത്തുന്നതെന്നാണ് വിശ്വാസം. ആടി എന്ന പാർവതി വേഷം കെട്ടുന്നത് വണ്ണാർ സമുദായത്തിലെ കുട്ടികളും വേടൻ എന്ന ശിവ വേഷം കെട്ടുന്നത് മലയൻ സമുദായത്തിലെ കുട്ടികളുമാണ്.
കോലക്കാരുടെ വീടുകളിൽ നിന്ന് കെട്ടിപ്പുറപ്പെടുന്ന ആടിവേടന്മാർക്ക് യാത്രാവേളയിൽ അകമ്പടി ചെണ്ട ഇല്ല. വീട്ടുപടിത്തുമ്പോൾ മാത്രമേ ചെണ്ട കൊട്ടൂ , അതും ഒറ്റ ചെണ്ട ആടി വേടന്മാർ, മഞ്ഞൾ പൊടിയും ചുണ്ണാമ്പും ചേർത്ത് ഗുരുതി വെള്ളം, മുറ്റത്ത് കത്തിച്ച് വച്ചിരിക്കുന്ന നിലവിളക്കിന് ചുറ്റും ഒഴുകുന്നതോടെ ദോഷങ്ങൾ പടിയിറങ്ങും എന്നാണ് വിശ്വാസം. വീട്ടിൽ എത്തുന്ന തെയ്യത്തിന് ദക്ഷിണയായി പണവും നെല്ലും തേങ്ങയും വെള്ളരിക്കയുമാണ് നൽകുക. കർക്കിടകത്തിലെ ഏഴാം നാൾ മുതൽ പതിനാറാം നാൾ വരെയാണ് മലയ സമുദായത്തിന്റെ വേടൻ തെയ്യങ്ങൾക്ക് വീടുകളിൽ എത്താൻ അവകാശം. 16 മുതൽ 28 നാൾ വരെ വണ്ണാൻ സമുദായത്തിനും.