Opposition leader VS Achuthanandan in morning walk at Malappuram Kottakkunnu. These pics taken during the Lok Sabha Election- 2014 period . pic by Sameer A Hameed . Malappuram, 06 April 2014 .

‘മിതമായി ഭക്ഷണം കഴിക്കുക, ചിട്ടയായി ജീവിക്കുക, വ്യായാമം ചെയ്യുക’ എണ്‍പതിലും മലമുകളേറിയ ആ ആരോഗ്യത്തിന്‍റെ രഹസ്യമെന്ന് വി.എസ് വെളിപ്പെടുത്തിയത് ഈ പതിവായിരുന്നു. രാവിലെ എഴുന്നേറ്റാല്‍ ഉമിക്കരി വച്ചും ബ്രഷ് കൊണ്ടും ഒടുവിലായി കൈ കൊണ്ടും പല്ലുകള്‍ അമര്‍ത്തി തേയ്ക്കും. പിന്നീട് ചെറുനടത്തം. പ്രത്യേകം തയ്യാറാക്കിയ എണ്ണ തേച്ച് ഇളവെയില്‍ കായല്‍. സൂര്യനമസ്കാരവും ചെറുതോതിലെ യോഗാഭ്യാസവും. കുളിച്ചെത്തിയാല്‍ കൈലിയും മുണ്ടുമുടുത്ത് ഓഫിസിലെത്തി പത്രവായന. ചിട്ടയായ ജീവിതമാണ് പ്രായമേറിയപ്പോഴും വി.എസിനെ ഊര്‍ജസ്വലനായി നിര്‍ത്തിയത്. 

V S Achuthanandan's birth day @ Thiruvananthapuram - 20 10 2017 - Photo @ Rinkuraj Mattancheriyil

മല്‍സ്യങ്ങളും മാംസാഹാരവും പതിവാക്കിയ വി.എസ് പിന്നീട് സസ്യാഹാരത്തിലേക്ക് തിരിഞ്ഞു. അപ്പോഴും വരാലിനോടുള്ള പ്രിയം കുറഞ്ഞില്ല. ആലപ്പുഴയില്‍ നിന്നും കാണാനെത്തിയ പ്രിയപ്പെട്ടവര്‍ ജീവനോടെ വരാലിനെ വി.എസിനായി തിരുവനന്തപുരത്തേക്ക് എത്തിച്ചു. പാലക്കാട്ട് നിന്നും കൂടെക്കൂടി ഞവര അരി കൊണ്ടുള്ള ചോറും വി.എസിന്‍റെ പ്രിയങ്ങളിലൊന്നായി. എന്‍.എന്‍.കൃഷ്ണദാസായിരുന്നു പലപ്പോഴും പാലക്കാട് നിന്നുള്ള അരി എത്തിച്ചിരുന്നത്. ചെരുപ്പുകളോട് പ്രത്യേക മമത വി.എസ് എക്കാലവും പുലര്‍ത്തിയിരുന്നുവെന്നതാണ് മറ്റൊരു കൗതുകം. ഇഷ്ടപ്പെട്ട ചെരുപ്പ് കണ്ടാല്‍ വാങ്ങിയേ വി.എസിന് സമാധാനമാവുമായിരുന്നുള്ളു. ഇതിനായി നേരിട്ട് കടയിലെത്തും. പാകത്തിനുള്ളത് തിരഞ്ഞെടുക്കും. ശേഷം ജൂബയുടെ പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുന്ന പണം എണ്ണി തിട്ടപ്പെടുത്തി ചെരുപ്പ് വാങ്ങും. 

ദിവസവും പതിനൊന്ന് മണിയോടെ കറിവേപ്പിലയും കാന്താരിയും ചതച്ചിട്ട സംഭാരം വി.എസിന്‍റെ പതിവായിരുന്നു. ഇലക്കറികളാല്‍ സമൃദ്ധമായ ഉച്ചഭക്ഷണത്തിന് പിന്നാലെ സ്വിച്ചിട്ട പോലൊരു ഉറക്കവും നിര്‍ബന്ധം. ഒന്നര മണിക്കൂര്‍ നീളുന്ന ഈ ഉറക്കത്തിന് പിന്നാലെ വീണ്ടുമെഴുന്നേറ്റ് രാഷ്ട്രീയത്തിരക്കുകളിലേക്ക്. രാത്രി ഒന്‍പതുമണിയോടെ ഉറക്കം. 90 വയസുള്ളപ്പോഴും ഉറങ്ങാന്‍ തലയണയോ കിടക്കാന്‍ മെത്തയോ ഉപയോഗിച്ചില്ല. തടിക്കട്ടിലായിരുന്നു പഥ്യം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പക്ഷാഘാതം വന്ന് പൂര്‍ണ വിശ്രമത്തിലേക്ക് തിരിയുന്നത് വരെ വി.എസ് ഒരു പതിവുകളും തെറ്റിച്ചിരുന്നില്ല. നിഷ്ഠകള്‍ കൈവിടാത്ത ജീവിതം തന്നാല്‍ സാധ്യമാകുന്ന കാലത്തോളം വി.എസ് തുടര്‍ന്നു. 

ENGLISH SUMMARY:

Discover the health secrets of veteran communist leader V.S. Achuthanandan, who, even in his eighties, maintained remarkable vitality. His routine includes traditional dental care, morning walks, sunbathing with special oil, Surya Namaskaram, and light yoga.