keralas-voice-of-opposition-vs-achuthanandan

ഒന്നരപ്പതിറ്റാണ്ടുകാലം കേരളത്തിന്‍റെ പ്രതിപക്ഷ നേതാവായിരുന്നു വി.എസ്. അതില്‍ 2001 മുതലുള്ള അഞ്ചുവര്‍ഷക്കാലത്തെ പോരാട്ടം വി.എസിന്‍റെ പ്രതിച്ഛായ അടിമുടി മാറ്റി. അഴിമതിക്കാര്‍ക്കും കയ്യേറ്റക്കാര്‍ക്കും സ്ത്രീപീഡകര്‍ക്കുമെതിരെ കുരിശുയുദ്ധം നടത്തിയ വി.എസ് കേരളത്തിന്‍റെ മനഃസാക്ഷിയായി. പരിസ്ഥിതി പ്രശ്നങ്ങളും കയ്യേറ്റങ്ങളും ഒന്നൊന്നായി പുറത്തുകൊണ്ടുവരാന്‍ കാടുംമേടും കയറി വി.എസ് നടത്തിയ യാത്രകളുടെ തണലില്‍ കേരളത്തില്‍ ഹരിത രാഷ്ട്രീയം പന്തലിച്ചു.

KOCHI 2016 JANUARY  16   :  Opposition leader VS Achuthanandan @ Josekutty Panackal

KOCHI 2016 JANUARY 16 : Opposition leader VS Achuthanandan @ Josekutty Panackal

സ്ത്രീ പീഡകരോട് ദാക്ഷിണ്യമില്ലാത്ത നിലപാടാണ് വി.എസ് സ്വീകരിച്ചത്. 'പെണ്‍കുട്ടികളെ ഉപയോഗിച്ച മാന്യന്‍മാരെ ഞങ്ങള്‍, ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ നിന്ന് പോകുന്നതിന് മുന്‍പായി തെരുവില്‍കൂടി വിലങ്ങ് വച്ച് നടത്തുന്നത് കാണാന്‍ കഴിയും'- അത് കേരളത്തിന് വി.എസിന്‍റെ ഉറപ്പായിരുന്നു. വെട്ടിനിരത്തലുകാരനും വരട്ടുതത്വവാദിയുമായി അക്കാലമത്രയും ചിത്രീകരിക്കപ്പെട്ടിരുന്ന വി.എസ് ജനഹൃദയങ്ങളിലേക്ക് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നടന്നുകയറി. 

KOZHIKODE 13th September 2011 :CPM - Opposition leader VS Achuthanandan addressing a public convention , organised by the DYFI and SFI at Muthalakulam , in connection West Hill Engineering College student Nirmal Madhavan issue  / Photo: T Prasanth Kumar , CLT #

KOZHIKODE 13th September 2011 :CPM - Opposition leader VS Achuthanandan addressing a public convention , organised by the DYFI and SFI at Muthalakulam , in connection West Hill Engineering College student Nirmal Madhavan issue / Photo: T Prasanth Kumar , CLT #

'കട്ടുതിന്നുന്നവരെ' കയ്യോടെ പൊക്കിയ വി.എസ്

സംഘടനാപ്രവര്‍ത്തനമായാലും പാര്‍ലമെന്‍ററി രാഷ്ട്രീയമായാലും ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളില്‍ വി.എസ് സജീവമായി ഇടപെട്ടു. 1991ലാണ് ആദ്യം പ്രതിപക്ഷനേതാവായത്. തൊട്ടടുത്തവര്‍ഷം പാമോലിന്‍കേസ്. അഴിമതിക്കെതിരായ വി.എസിന്‍റെ പോരാട്ടത്തിന്‍റെ തുടക്കം. അഴിമതിയോടും അഴിമതിക്കാരോടും വി.എസ്. പൊറുത്തില്ല. മുന്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും സമുദായനേതാക്കളുമൊക്കെ പലപ്പോഴായി വി.എസിന്‍റെ എതിര്‍പക്ഷത്തുവന്നു. ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവിന്‍റെ കടമതീര്‍ത്തിരുന്ന പതിവുകാരില്‍ നിന്ന് അടിമുടി വ്യത്യസ്തന്‍. എതിരാളികള്‍ നിയമപഴുതുകള്‍ തേടാന്‍ ശ്രമിച്ചപ്പോഴൊക്കെ കോടതിയില്‍ കക്ഷിചേര്‍ന്നു. വി.എസ് പിടിച്ചാല്‍ വിടില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായി. പാമോലിന്‍, ഇടമലയാര്‍, ഐസ്ക്രീം പാര്‍ലര്‍ കേസുകളിലൊക്കെ ഒന്നും രണ്ടുമല്ല, നീണ്ട ഇരുപത് വര്‍ഷത്തിലേറെ നിയമവ്യവഹാരം നടത്തി. 

vs-laugh-ldf-fail

പിടി വിടാത്ത വി.എസ്; ഫീസ് വാങ്ങാതെ വാദിച്ച ശാന്തിഭൂഷണ്‍

പൊതുജനത്തോടുള്ള വി.എസിന്‍റെ കൂറുമനസിലാക്കിയ ശാന്തിഭൂഷണ്‍ ഫീസ് വാങ്ങാതെയാണ് ഇടമലയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. 2011ല്‍ ആര്‍.ബാലകൃഷ്ണപിള്ള ജയിലിലായി.  വിചാരക്കോടതി മുതല്‍ സുപ്രീംകോടതി വരെ ഇമ ചിമ്മാതെ വി.എസ്. പിന്നാലെ കൂടിയതോടെയാണ് കേരളത്തിലാദ്യമായി ഒരു മുന്‍ മന്ത്രി അഴിമതിക്കേസില്‍ ജയിലിലായത്. ' രണ്ട് ദശാബ്ദത്തിലേറെ എനിക്ക് പോരാട്ടം നടത്തേണ്ടി വന്നു. ഈ വിധി പൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കും അധികാര ദുര്‍വിനിയോഗം നടത്തുന്നവര്‍ക്കും ഒരു മുന്നറിയിപ്പാ'ണെന്ന് മാധ്യമങ്ങളെ മുന്നിലിരുത്തി വി.എസ് പ്രഖ്യാപിച്ചു. 

Mullaperiyaar, 30 11 2011, opposition leader VS Achuthanandan at  Mullaperiyaar Dam

Mullaperiyaar, 30 11 2011, opposition leader VS Achuthanandan at Mullaperiyaar Dam

ജീവിത സായന്തനത്തിലും അഴിമതി മണത്തപ്പോള്‍ വി.എസിന്‍റെ ചോര തിളച്ചു. സോളറിലും ബാര്‍കോഴയിലുമൊക്കെ വി.എസിന്‍റെ നാവിന്‍റെ മൂര്‍ച്ചയില്‍ ഭരണപക്ഷത്തിന് നൊന്തു. 'ബാര്‍ കോഴ... കോഴ മാണി'യെന്ന് പ്രാസമൊപ്പിച്ച് വി.എസ് സഭയില്‍ വിളിക്കുന്നത് കേരളമൊന്നാകെ കേട്ടു.  

മതികെട്ടാനും ജീരകപ്പാറയും തലകുനിച്ച സമരവീര്യം

2001 മുതല്‍ 2006 വരെ പ്രതിപക്ഷനേതാവായിരുന്ന കാലം വി.എസിന്‍റെ രാഷ്ട്രീയജീവിതത്തില്‍ നിര്‍ണായകമായിരുന്നു. അക്കാലത്തെ വി.എസിന്‍റെ ഇടപെടലുകളോടെ പരിസ്ഥിതിയും ഭൂമിയും രാഷ്ട്രീയക്കാര്‍ക്ക് അവഗണിക്കാനാവാത്ത വിഷയങ്ങളായി. എണ്‍പതിനോടടുത്ത പ്രായത്തെ വകവയ്ക്കാതെ മതികെട്ടാനും പൂയംകുട്ടിയും ജീരകപ്പാറയും വി.എസ്. കാല്‍നടയായി കയറിയിറങ്ങി. പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണ ജനവും ആവേശം പൂണ്ടു. അവര്‍ വി.എസിനൊപ്പം ചേര്‍ന്നു. വഴിയോരങ്ങളില്‍ പ്രായഭേദമെന്യേ–കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ വലിയ ജനക്കൂട്ടം വി.എസിനെ കാത്തുനിന്നു. കായല്‍ കയ്യേറ്റക്കാര്‍ക്കും നെഞ്ചിടിച്ചു. കയ്യേറ്റങ്ങള്‍ വി.എസ് ചൂണ്ടിക്കാട്ടിയപ്പോള്‍ നടപടിയെടുക്കാതെ നിര്‍വാഹമില്ലാത്ത അവസ്ഥയിലായി സര്‍ക്കാര്‍. 

vs-single-mug

കാലത്തിന് മുന്‍പേ നടന്ന വി.എസ്

നീതി നിഷേധിക്കപ്പെട്ടവരും അഴിമതി കണ്ട് മനം മടുത്തവരും പ്രതിപക്ഷ നേതാവായ വി.എസിനെ ആശാകേന്ദ്രമായി കണ്ടു. പ്രതിപക്ഷ നേതാവിന്‍റെ ഓഫിസിലേക്ക് വിവരങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. മണിക്കൂറുകള്‍ സമയമെടുത്ത് വി.എസ്. എല്ലാം വായിച്ചു,  നിജസ്ഥിതി പഠിച്ചു.  ജനങ്ങളെ ബാധിക്കുന്നതെന്ന് തിരിച്ചറിഞ്ഞാല്‍ അരയും തലയും മുറുക്കി മുന്നിട്ടിറങ്ങി. പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി നടത്തിയ ജലചൂഷണത്തിനെതിരെയും എന്‍ഡോസള്‍ഫാന്‍ നിരോധനം നീക്കിയതിനെതിരെയും വി.എസ് അചഞ്ചലനായി നിന്നു. നെല്‍വയല്‍ സംരക്ഷണത്തിന് വി.എസ് എടുത്ത നിലപാടിലേക്ക് കേരളത്തിലെ പൊതുസമൂഹം എത്താന്‍  പതിറ്റാണ്ടുകളെടുത്തു. പരിസ്ഥിതി സംരക്ഷണത്തില്‍ വി.എസ് മുന്നിലും മറ്റു നേതാക്കള്‍ കാതങ്ങള്‍ പിന്നിലുമായി. തീര്‍ന്നില്ല ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ കാര്യത്തിലും മുന്‍പേ നടന്ന വി.എസിനെ കേരളം കണ്ടു.  ഒരു വിഷയത്തെ പിന്തുടരാനും അതിനെ പരിഹാരത്തിലെത്തിക്കാനും വി.എസ് നിലകൊണ്ടു. മുന്നിലെന്താണെന്ന് വ്യക്തമായ കാഴ്ചപ്പാട് എല്ലാ വിഷയത്തിലും വി.എസിനുണ്ടായിരുന്നു. 

Kerala  Opposition ( CPM ) leader VS Achuthanndaan on " Nethru Swaram " Mee tha Press program at Calicut press club in Kozhikode 2006 April 17 - Photo P Musthafa - Clt

Kerala Opposition ( CPM ) leader VS Achuthanndaan on " Nethru Swaram " Mee tha Press program at Calicut press club in Kozhikode 2006 April 17 - Photo P Musthafa - Clt

വിട്ടുവീഴ്ചകളില്ലാതെ സ്ത്രീകള്‍ക്കൊപ്പം

ഐസ്ക്രീം പാര്‍ലര്‍, കവിയൂര്‍, കിളിരൂര്‍, വിതുര കേസുകളിലും വി.എസ് ഇരകളുടെ പക്ഷത്ത് നിലകൊണ്ടു. രണ്ട് വിഐപികളുടെ സന്ദര്‍ശനത്തിനുശേഷമാണ് കിളിരൂര്‍ കേസിലെ ഇരയുടെ ആരോഗ്യനില വഷളായതെന്ന വി.എസിന്‍റെ വെളിപ്പെടുത്തല്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തി. ജനാധിപത്യമഹിള അസോസിയേഷന്‍ നേതാക്കളും അന്ന് പെണ്‍കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ റജീനയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തി. വിട്ടുവീഴ്ചകളില്ലാതെ വി.എസ് സ്ത്രീകള്‍ക്കൊപ്പം നിന്നു. സ്ത്രീപീഡനക്കേസിലെ പ്രതിയായ പ്രമുഖ നടനൊപ്പം വേദി പങ്കിടാന്‍ പോലും തയ്യാറാവാത്ത തെളിഞ്ഞ നിലപാട് വി.എസിനെ സ്ത്രീകളുടെ അത്താണിയാക്കി. 

vs-journalists-news

മൂന്നാറിലെ തോട്ടംതൊഴിലാളികളായ സ്ത്രീകള്‍ 2015ല്‍ സമരമിരുന്നപ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വി.എസ് എത്തി. 'അന്‍പാന മക്കളേ'യെന്ന് സമരക്കാരെ വാത്സല്യപൂര്‍വം വിളിച്ച അദ്ദേഹം 'സര്‍ക്കാരിന്‍ കമ്പനി തീരുമാനമെടുക്കുന്നതുവരെ ഞാനീ സമരക്കാര്‍ക്കൊപ്പം ഇരിക്കുന്നതാണ്' എന്ന് മൂന്നുവട്ടം ഉറക്കെ പ്രഖ്യാപിച്ചു. നൂറുകണക്കിന് വരുന്ന തോട്ടം തൊഴിലാളികളായ ആ സ്ത്രീകള്‍ക്ക് നടുവില്‍ കസേരയിട്ടിരിക്കുന്ന വി.എസ് കേരള രാഷ്ട്രീയ ചരിത്രത്തിലെ മായാത്ത ചിത്രങ്ങളിലൊന്നാണ്. 

ENGLISH SUMMARY:

One and a Half Decades as Kerala’s Voice of Opposition: The Legacy of VS Achuthanandan. VS was the opposition leader of Kerala for a decade and a half. The five-year struggle from 2001 onwards drastically changed VS's image.