കൊല്ലം സ്വദേശിനിയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിഡിയോകളും ചിത്രങ്ങളും പുറത്ത്. കൊല്ലം ചവറ  കോയിവിളയിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ മരിച്ചത്. ‌‌ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷ് അതുല്യയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന വിഡിയോകള്‍. 

മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വിഡിയോകളും അടുത്ത ബന്ധുവിന് അതുല്യ അയച്ചു നല്‍കിയിരുന്നു. ആ വീട്ടില്‍ അതുല്യ അനുഭവിച്ചിരുന്ന മാനസിക, ശാരീരിക പീഡനം വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വിഡിയോകളില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. സൈക്കോയെപ്പോലെയാണ് വിഡിയോകളില്‍ ഭര്‍ത്താവ് പെരുമാറുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുമുണ്ട്. മകളുടെ മരണത്തിന് പിന്നാലെ, ചവറ തെക്കുംഭാഗം പൊലീസില്‍ പരാതിയുമായി മാതാപിതാക്കള്‍ എത്തിയിട്ടുണ്ട്. 

അതുല്യയുടെ ഭര്‍ത്താവ് സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും, മദ്യപിച്ചാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും പറഞ്ഞിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ദമ്പതികളുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളോടൊപ്പം നാട്ടിൽ സ്കൂളിൽ പഠിക്കുകയാണ്. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. 

ENGLISH SUMMARY:

Shocking Videos Reveal Abuse by Atulya’s Husband Before Her Suicide