കേരള സര്‍വകലാശാലയിലെ സസ്പെന്‍ഷന്‍ വിവാദത്തില്‍ അയവില്ലാതെ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍നടപടി പാടില്ലെന്ന് ജോയിന്‍റ് റജിസ്ട്രാര്‍മാര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി. ഡിജിറ്റല്‍ ഫയലിങ് പൂര്‍ണമായി നിയന്ത്രണത്തില്‍ വേണമെന്ന വൈസ് ചാന്‍സലറുടെ ആവശ്യം ഇ ഫയലിങ് പ്രൊവൈഡര്‍മാര്‍ നിരാകരിച്ചു.
ഫയലുകള്‍ റജിസ്ട്രാര്‍ അനില്‍കുമാറിന് നല്‍കരുതെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം കടുപ്പിച്ചത്. ഫയലുകളില്‍ തുടര്‍നടപടി പാടില്ലെന്ന് ജോയിന്‍റ് റജിസ്ട്രാര്‍മാരോടാണ് വൈസ് ചാന്‍സലര്‍ വീണ്ടും ആവശ്യപ്പെട്ടത്. അനില്‍കുമാര്‍ പരിശോധിക്കുന്ന ഫയലുകള്‍ക്ക് നിയമസാധുതയില്ലെന്നും വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്‍റെ മുന്നറിയിപ്പ്. ഡിജിറ്റല്‍ ഫയലിങ് പൂര്‍ണമായി നിയന്ത്രണത്തില്‍ വേണമെന്ന വൈസ് ചാന്‍സലറുടെ ആവശ്യമാണ് ഇ ഫയലിങ് പ്രൊവൈഡര്‍മാര്‍ നിരാകരിച്ചത്. അഡ്മിന്‍ അധികാരം നല്‍കിയ നോഡല്‍ ഓഫിസര്‍മാരെ പിന്‍വലിക്കണമെന്ന നിര്‍ദേശം പ്രൊവൈഡര്‍മാര്‍ വിസമ്മതിച്ചു.
എല്ലാ നോഡല്‍ ഓഫിസര്‍മാരുടെയും അധികാരം വിഛേദിക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കി. സൂപ്പര്‍ അഡ്മിന്‍ ആക്സൈസ് വി.സിക്ക് മാത്രം ആക്കണമെന്ന ആവശ്യവും തള്ളി. ടെക്നോ പാര്‍ക്കിലെ സ്വകാര്യ കമ്പനിയാണ് സര്‍വീസ് പ്രൊവൈഡര്‍.
സര്‍വകലാശാലയുമായി കരാര്‍ ഒപ്പിട്ടത് കെല്‍ട്രോണ്‍ ആണെന്നും അതിനാല്‍ കെല്‍ട്രോണിന്‍റെ അനുമതി വേണമെന്നും കമ്പനി വൈസ് ചാന്‍സലര്‍ക്ക് മറുപടി നല്‍കി. ഇ ഫയലിങ് സിസ്റ്റത്തിന്‍റെ ചുമതല ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് നല്‍കുന്നത് വി.സിയുടെ പരിഗണനയിലുണ്ടെന്നും സൂചനയുണ്ട്. വൈസ് ചാന്‍സലര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും ഉദ്യോഗസ്ഥര്‍ പാലിക്കാത്ത സാഹചര്യത്തിലാണ് ഇ ഫയലില്‍ പൂട്ടിടാനുള്ള നീക്കം.