‘ഒരു പെണ്ണ് പോകാവുന്നതിന്റെ, നിങ്ങളൊക്കെ ചിന്തിക്കുന്നതിന്റെ എക്സ്ട്രീം ഞാന്‍ പോയിട്ടുണ്ട്. എല്ലാ അര്‍ഥത്തിലും പോയിട്ടുണ്ട്, തിരിച്ചു കിട്ടിയതിനെക്കുറിച്ചു പറഞ്ഞാല്‍ നിങ്ങളൊക്കെ തലയില്‍ കൈവച്ച് ഓടും, എല്ലാമൊന്നും എനിക്ക് അമ്മയോടും പറയാന്‍ പറ്റില്ലല്ലോ...’, ഷാര്‍ജയില്‍ കയറിന്റെ ഒരറ്റം സ്വന്തം കഴുത്തിലും മറ്റേയറ്റം കുഞ്ഞുമോളുടെ കഴുത്തിലും മുറുക്കി ജീവിതം അവസാനിപ്പിച്ച വിപഞ്ചിക അയച്ച ശബ്ദസന്ദേശമാണിത്. ഇനിയും സഹിക്കാന്‍ പറ്റില്ലെന്ന ഘട്ടത്തിലാണ് മകള്‍ ഈ കടുംകൈ ചെയ്തതെന്ന് കുടുംബവും പറയുന്നു.
വിപഞ്ചികയുടെ ഭര്‍ത്താവിനെതിരെ കുടുംബം ഉന്നയിച്ച സ്ത്രീധന, ഗാര്‍ഹിക പീഡനമെന്ന ആരോപണത്തിനു കൂടുതല്‍ തെളിവുകളും ലഭിച്ചുകഴിഞ്ഞു. ചാറ്റുകളും ഡയറിക്കുറിപ്പും കുടുംബം പുറത്തു വിട്ടു. യുവതിയെ ഭര്‍ത്താവ് നിതിന്‍ മര്‍ദിച്ചിരുന്നതായും വിവാഹമോചനത്തിനു നിര്‍ബന്ധിച്ചിരുന്നതായും യുവതിയുടെ കുടുംബം പറയുന്നു. പെണ്‍കുഞ്ഞ് ഉണ്ടായ ശേഷമാണ് ഇയാള്‍ വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് മകള്‍ പറഞ്ഞതായി വിപഞ്ചികയുടെ അമ്മ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിയായ വിപഞ്ചിക മണിയനേയും, മകള്‍ വൈഭവിയേയും ഷാര്‍ജയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച സമയത്തെക്കുറിച്ചും ഇരുകുടുംബവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വിപഞ്ചിക മരിച്ചത് ഉച്ചക്കാണെന്നാണ് നിതിന്റെ കുടുംബം പറയുന്നത്, എന്നാല്‍ രാത്രി 8.45വരെ വിപഞ്ചിക ഓണ്‍ലൈനില്‍ ഉണ്ടായിരുന്നുവെന്നാണ് വിപഞ്ചികയുടെ കുടുംബം പറയുന്നത്, ഇത്തരത്തില്‍ ജീവിതത്തിലും മരണത്തിലും അടിമുടി ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വിവാഹം കഴിഞ്ഞ കാലം മുതല്‍ തന്നെ ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. വിപഞ്ചികയും നിതിനും രണ്ടു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. പെണ്‍കുഞ്ഞ് ജനിച്ചതോടെ തനിക്ക് വിവാഹമോചനം വേണമെന്ന് നിതിന്‍ ആവശ്യപ്പെടാന്‍ തുടങ്ങി. പലതവണ ആവര്‍ത്തിച്ചപ്പോള്‍ വിപഞ്ചിക ഇക്കാര്യം ചാറ്റിലൂടെ അമ്മയെ അറിയിച്ചിരുന്നു. തുടര്‍ന്ന് അമ്മ കൊല്ലത്തുള്ള ഒരു അഭിഭാഷകനുമായി സംസാരിച്ചു, അഭിഭാഷകന്‍ വിപഞ്ചികയുമായും സംസാരിച്ചു. ഇതിനിടെയാണ് പെട്ടെന്നുള്ള വിപഞ്ചികയുടെ മരണം.
വിദേശകാര്യ മന്ത്രാലയം, മുഖ്യമന്ത്രി, റൂറല്‍ എസ്.പി എന്നിവര്‍ക്ക് കുടുംബം ഇമെയില്‍ വഴി പരാതി നല്‍കിയിരുന്നു. ഇന്ന് നേരിട്ടെത്തി പരാതി നല്‍കും. നിലവില്‍ വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട് ഷാര്‍ജ പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ട്, എന്നാല്‍ ഇവിടേയും അന്വേഷണം വേണമെന്ന ആവശ്യമാണ് കുടുംബത്തിനുള്ളത്. അതോടൊപ്പം വിപഞ്ചികയുടേയും കുഞ്ഞിന്റേയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.