അഴിയെണ്ണും വഴികള്‍
മാസം അരലക്ഷത്തിലേറെ ശമ്പളം, വീട്ടിലിരുന്ന് ജോലി. ജീവിക്കാന്‍ ഇതൊന്നും പോരായെന്ന തിരിച്ചറിവില്‍ ലഹരികച്ചവടം തിരഞ്ഞെടുത്ത ടെക്കികള്‍ക്ക് ഇനി ജയില്‍വാസം. ലക്ഷദ്വീപ് സ്വദേശിനി ഫരീദ, സുഹൃത്ത് മൂവാറ്റുപുഴ സ്വദേശി ശിവജിത് ശിവദാസ് എന്നിവരെ എക്സൈസാണ് പിടികൂടിയത്. മാരക ലഹരിമരുന്നായ എല്‍എസ് ഡിയും എംഡിഎംഎയും ഇവരില്‍ നിന്ന് കണ്ടെത്തി. ഇരുവരും സൈഡ് ബിസിനസായി ലഹരികച്ചവടം തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായെങ്കിലും പിടിയിലാകുന്നത് ഇതാദ്യം.
തുടക്കം കഴക്കൂട്ടം
ഐടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഫരീദയും ശിവജിത്തും കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കില്‍ ജോലിക്കെത്തിയതോടെയാണ് പരിചയപ്പെടുന്നത്. ലഹരി ഉപയോഗിച്ച് ഉടലെടുത്തതാണ് ബന്ധമെന്നാണ് എക്സൈസിന്‍റെ കണ്ടെത്തല്‍. കഞ്ചാവ് മുതല്‍ രാസലഹരി വരെ ഒരുമിച്ച് പരീക്ഷിച്ച് ആ ബന്ധം വളര്‍ന്നു. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും ബെംഗളൂരുവിലെ ഐടി കമ്പനിയിലേക്ക് കളം മാറ്റുന്നത്. ജീവിത ചെലവ് വര്‍ധിച്ചതോടെ ശമ്പളം മാത്രം മതിയാകില്ലെന്ന സ്ഥിതിയായി. അതോടെ ലഹരികച്ചവടം ഏറ്റെടുത്തുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.
വര്‍ക് അറ്റ് ഹോം
ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ലഭിച്ചതോടെ ഇരുവര്‍ക്കും കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമായി. വര്‍ക്ക് അറ്റ് ഹോം സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചു. കൊച്ചിയില്‍ ഒരുമിച്ച് താമസം. ഒപ്പം ലഹരിയുപയോഗവും വിതരണവും. കഞ്ചാവൊക്കെ വിട്ട് രാസലഹരിയുടെ വിവിധ തലങ്ങളിലൂടെ ഇരുവരും സഞ്ചരിച്ചുവെന്ന് എക്സൈസ് വ്യക്തമാക്കുന്നു. എംഡിഎംഎ വാങ്ങിയത് ബെംഗളൂരുവില്‍ നിന്നെങ്കില്‍ എല്‍എസ്ജി എത്തിയത് കടല്‍കടന്ന്.
കില്ലാഡി ഐറ്റം
ഇന്ത്യയില്‍ വില്‍പന നടത്തുന്ന ലോക്കല്‍ എല്‍എസ്ഡിയല്ല ടെക്കി സുഹൃത്തുക്കളില്‍ നിന്ന് പിടികൂടിയത്. ഇന്ത്യയില്‍ ലഭിക്കുന്നതിന്‍റെ നാലിരട്ടി വീര്യമുള്ള കില്ലാഡി ഐറ്റം. ലോക്കല്‍ എല്‍എസ്ഡിയുടെ വിലയേക്കാള്‍ അഞ്ചിരട്ടി വിലയുള്ളതാണ് ഇരുവരില്‍ നിന്നും കണ്ടെത്തിയ എല്‍എസ്ഡി എന്നാണ് എക്സൈസ് നല്‍കുന്ന വിവരം.
സെയില്‍ @ ലോഡ്ജ്
ലഹരി വാങ്ങുന്നതും സംഭരിക്കുന്നതും വീട്ടിലാണെങ്കില്‍ വിതരണം ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചാണ്. പള്ളിമുക്ക് ഇലക്ട്രോണിക്ക് സ്ട്രീറ്റിലെ ലോഡ്ജിലാണ് ഇത്തവണ വിതരണത്തിനായി മുറിയെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരും എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു. ലഹരിമരുന്ന് കൈമാറിയവരെ കുറിച്ചും ഓര്‍ഡര്‍ നല്‍കിയവരെ കുറിച്ചുള്ള വിവരങ്ങളും എക്സൈസിന് ലഭിച്ചിട്ടുണ്ട്. ഐടി മേഖലയിലും ഇരുവരും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ നാല് വരെ ജോലിയും അതിന്ശേഷമായിരുന്നു ലഹരികച്ചവടം.