സഞ്ചാരികള്‍ക്കൊരു സന്തോഷ വാര്‍ത്ത.. ആലപ്പുഴയുടെ പ്രകൃതി ഭംഗിയും രൂചിക്കൂട്ടും കുറഞ്ഞ ചിലവില്‍ ആസ്വദിക്കാന്‍ അവസരമൊരുങ്ങുന്നു. ജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തില്‍ ആലപ്പുഴയിലെ പാതിരാമണല്‍ ദ്വീപ് കേന്ദ്രീകരിച്ച് കുട്ടനാട് സഫാരി എന്ന പേരിലാണ് പുതിയ പദ്ധതിക്ക് തുടക്കമാകുന്നത്. പദ്ധതിയുടെ ആദ്യഘട്ടം വിലയിരുത്തുന്നതിന്‍റെ ഭാഗമായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പാതിരാമണല്‍ സന്ദര്‍ശിച്ചു.
വേമ്പനാട്ട് കായലിലെ പച്ചത്തുരുത്ത്.. സഞ്ചാരികളുടെ സ്വര്‍ഗം.. ജൈവ വൈവിധ്യ സങ്കേതമായ ആലപ്പുഴയുടെ അത്ഭുത ദ്വീപ്.. പാതിരാമണല്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പാതിരാമണല്‍ കേന്ദ്രീകരിച്ചുള്ള പുതിയ പദ്ധതികള്‍ക്ക് തുടക്കമാവുകയാണ്. ജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ബഡ്‌ജറ്റ് ടൂറിസവുമായി ബന്ധിപ്പിച്ചാണ് പദ്ധതി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറി മുഹമ്മ ബോട്ട് ജെട്ടിയില്‍ നിന്നും ബോട്ട് യാത്ര ആസ്വദിച്ച് കുട്ടനാടിന്‍റെ മനോഹാരിതയും കണ്ട് സഞ്ചാരികള്‍ക്ക് പാതിരാമണലിലെത്താം. രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ തനത് ഭക്ഷണശാലകളും, ഇനി കുറച്ച് കള്ള് കുടിക്കണമെന്ന് തോന്നിയാല്‍ അതിനായി കള്ള് ഷാപ്പുകളും, കരകൗശല വസ്തുക്കളുടെ വില്‍പ്പന കേന്ദ്രങ്ങളും, നെയ്ത്ത് ശാലകളും, കുടുംബശ്രീ കിയോസ്കുകള്‍ തുടങ്ങിയവയും ഇവിടെയുണ്ടാകും. പാതിരാമണലില്‍ നിര്‍മിക്കുന്ന ആംഫി തീയറ്ററില്‍ നാടന്‍ കലാരൂപങ്ങളും അരങ്ങേറും. ഓണത്തോടനുബന്ധിച്ച് പദ്ധതി പൂര്‍ത്തീകരിക്കാനാണ് തീരുമാനം.