പഠനത്തിന് പ്രായം വെല്ലുവിളിയാകില്ലെന്ന് തെളിയിക്കുകയാണ് ആലപ്പുഴ കല്ലുപാലം സ്വദേശിനി ഡോ. സാറാമ്മ ചെറിയാൻ. എൺപത്തിരണ്ടാം വയസ്സിൽ അപ്ലൈഡ് കൗൺസിലിംങ് ഡിപ്ലോമ നേടിയ സാറാമ്മ ഡോക്ടറുടെ വിശേഷങ്ങൾ കാണാം. 82 വയസുള്ള ഡോക്ടർ സാറാമ്മ ചെറിയാൻ ഒട്ടേറെ ആശുപത്രികളിലായി അൻപത്തിയൊന്ന് വർഷങ്ങൾ ഗൈനക്കോളജിസ്റ്റായി സേവനം ചെയ്തിട്ടുള്ള ഡോക്ടർക്ക് വിശ്രമ ജീവിതമെന്നത് ആലോചിക്കാനെ ആകുമായിരുന്നില്ല.
അതിനാൽ തന്നെ 2017 ൽ കറ്റാനത്തെ സെന്‍റ് തോമസ് മിഷൻ ആശുപത്രിയിൽ നിന്ന് വിരമിച്ചുവെങ്കിലും രോഗികൾക്കായി വീട്ടിൽ സേവനം തുടർന്നു. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെ തുടർന്ന് ശസ്ത്രക്രിയ വേണ്ടി വന്നതോടെ വീട്ടിലെ ചികിത്സയും നിർത്തേണ്ടി വന്നു.പക്ഷെ വെറുതെ ഇരിക്കാൻ സാറാമ്മ ഡോക്ടർ തയ്യാറായിരുന്നില്ല. തന്റെ ചുറ്റുമുള്ളവർക്ക് കൂടി ഗുണകരമായത്പഠിച്ചാലോ എന്ന ചിന്തയായി.അങ്ങനെ തന്റെ എൺപതാം വയസ്സിൽ കേരള സർക്കാരിന് കീഴിലെ സ്റ്റേറ്റ് റിസോഴ്സ് സെൻററിൽ അപ്ലൈഡ് കൗൺസിലിംങ് ഡിപ്ലോമയ്ക്ക് ചേർന്ന്ഡോക്ടർ വീണ്ടും അച്ചടക്കമുള്ള വിദ്യാർത്ഥിനിയായി.
രണ്ടുവർഷത്തെ ഓൺലൈൻ ക്ലാസ്സ്.. ശേഷം വീടിന് സമീപത്തെ സ്കൂളിൽ നേരിട്ട് എത്തി പരീക്ഷയും എഴുതി.വൈവ നടക്കുന്നതിന്റെ രണ്ട് ദിവസം മുൻപ് വീട്ടിൽ തെന്നിവീണ് പരുക്കേറ്റുവെങ്കിലും ആശുപത്രി കിടക്കയിൽ കിടന്നുതന്നെ വൈവക്ക് ഹാജരായി.. മികച്ച മാർക്കോടെ തന്നെ കോഴ്സ് പൂർത്തിയാക്കി. സ്വപ്നങ്ങൾ നേടിയെടുക്കുന്നതിന് പ്രായം വെല്ലുവിളിയാണെന്ന് കരുതുന്നവരോട് സാറമ്മ ഡോക്ടർക്ക് പറയാൻ ഒന്നേയുള്ളൂ ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍.