കാറ്റിന്റെ കളിത്തൊട്ടിലിൽ ഉറങ്ങുന്ന മാന്ത്രിക ഭൂമി. ഏറ്റവുമധികം കാറ്റ് വീശുന്ന ഇടങ്ങളിൽ ഒന്ന്. വിശേഷണങ്ങൾ ഏറെയുണ്ട് ഇടുക്കിയിലെ രാമക്കൽമേടിന്. അവിടേക്ക് ഒരു യാത്ര പോകാം.
സമുദ്ര നിരപ്പിൽ നിന്ന് 3500 അടിയാണ് രാമക്കൽമേടിന്റെ ഉയരം. വനവാസകാലത്ത് ശ്രീരാമന്റെ കാൽപാദം ഇവിടെ പതിഞ്ഞു എന്നാണ് ഐതിഹ്യം. കാറ്റിന്റെ ചൂളം വിളികൾക്കിടയിലെ കഥകൾ തേടി ഇവിടെക്കെത്തുന്നത് നിരവധി സഞ്ചാരികളാണ്.
പ്രണയത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ കുറവൻ കുറത്തി ശിൽപം തലയുയർത്തി നിൽക്കുന്ന രാമക്കൽമേട്ടിൽ ട്രെക്കിങ്ങിനും ഹൈക്കിങ്ങിനും അനുയോജ്യമായ ഒരുപാട് വഴിയിടങ്ങളുണ്ട്. കാറ്റിന്റെ ഊർജം വൈദ്യുതിയാക്കി മാറ്റാൻ നിരന്നു നിൽക്കുന്ന കൂറ്റൻ കാറ്റാടി യന്ത്രങ്ങൾ ഇവിടുത്തെ മറ്റൊരു സവിശേഷതയാണ്. തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് മാറ്റത്തിന്റെ കാറ്റേൽക്കാൻ രാമക്കൽമേടിന് വേണ്ടി ഒരു ദിവസം മാറ്റി വെച്ചാൽ അത് നഷ്ടമാവില്ലെന്നുറപ്പ്.