keam-exam

മാര്‍ക്ക് ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഏത് അംഗീകരിക്കണമെന്ന സര്‍ക്കാരിന്‍റെ ആശയക്കുഴപ്പമാണ് കീം പ്രവേശന പരീക്ഷാഫലം വൈകുന്നതിന്‍റെ പ്രധാന കാരണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍ നേരിടുന്ന ഉപരിപഠന പ്രതിസന്ധിയില്‍ അടുത്തദിവസം പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനമെടുത്തേക്കും. 

കേരള എൻജിനീയറിങ്,  ആർക്കിടെക്ചർ, ഫാർമസി,  മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുമെന്ന് രണ്ട് വട്ടം  അറിയിച്ചിട്ടും തീരുമാനമായില്ല. മാര്‍ക്ക് ഏകീകരണത്തിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്ന നാലംഗസമിതി മൂന്ന് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.

ഇതില്‍ ഏതിനാണ് അംഗീകാരം നല്‍കേണ്ടതെന്നതില്‍ മാത്രമാണ് വ്യക്തത വരേണ്ടത്. മാർക്ക് ഏകീകരണം സംബന്ധിച്ച ബദൽ നിർദേശങ്ങൾ പരിശോധിച്ച് ഏതു വേണമെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് തീരുമാനം എടുക്കാൻ വൈകുന്നതു മൂലമാണു ഫല പ്രഖ്യാപനം നീളുന്നത്. 

ദേശീയ തലത്തിലെ പ്രവേശന പരീക്ഷകളുടെ ഫലം വന്നിട്ടും കേരളത്തിലെ ഫലം വരാത്തതിൽ വിദ്യാർഥികൾ നിരാശയിലാണ്. അതേ സമയം പ്രവേശന പരീക്ഷാ കമ്മിഷണർ ഓഫിസിൽ നിന്നും നൽകിയിരിക്കുന്ന ഹെൽപ് ലൈൻ നമ്പരുകളിൽ നിന്ന് കൃത്യമായ വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നു വിദ്യാർഥികൾ കുറ്റപ്പെടുത്തി. പരാതികൾ പരിഹരിക്കാൻ കംപ്യൂട്ടർ അധിഷ്ഠിത സംവിധാനം കൊണ്ടു വരാൻ കഴിഞ്ഞ വർഷം ആലോചിച്ചിരുന്നെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല.വിവിധ ബോര്‍ഡുകളില്‍ പഠിച്ച വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരണം സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലഭിക്കാത്തതിനാല്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കു തുടര്‍നടപടി സ്വീകരിക്കാനുമാകുന്നില്ല. 

ENGLISH SUMMARY:

The delay in the KEAM entrance exam results is primarily due to the government's confusion over which recommendation of the expert committee on mark normalization to accept. A final decision is expected from a special cabinet meeting led by the Chief Minister, as over ten thousand students face uncertainty in their higher education prospects.