ഗതാഗത നിയമലംഘനം ഉണ്ടായി 15 ദിവസത്തിനുള്ളിൽ ഇലക്ട്രോണിക് ചലാൻ അയക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി. കാസർകോട് കുമ്പളയിൽ 2023 മുതലുള്ള പിഴ ഒരുമിച്ച് വന്നതിനെ തുടർന്ന് നൽകിയ വിവരാവകാശ ചോദ്യത്തിലാണ് മറുപടി. അതേസമയം എന്തുകൊണ്ടാണ് പിഴ വന്നത് എന്നതിൽ മോട്ടോർ വാഹന വകുപ്പിന് വ്യക്തതയില്ല.
അടുത്തിടെയാണ് കാസർകോട് കുമ്പളയിൽ സ്ഥാപിച്ച എ.ഐ ക്യാമറയിൽ നിന്ന് 2023 മുതലുള്ള പിഴകൾ ഒരുമിച്ച് വാഹന ഉടമകൾക്ക് ലഭിച്ചത്. ചിലർക്ക് ഒരു ലക്ഷത്തിന് മുകളിൽ വരെയാണ് പിഴ. ഈ സാഹചര്യത്തിലാണ് ഇ-ചലാൻ അയക്കുന്നതിൽ വ്യക്തമായ ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിന് വിവരാവകാശ ചോദ്യം അയച്ചത്. കാസർകോട് ഓഫീസിൽ നിന്ന് മറുപടി ലഭ്യമല്ലാത്തതിനാൽ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ഫയൽ കൈമാറി.
മുമ്പ് 15 ദിവസം നിബന്ധന ഉണ്ടോയെന്ന് വ്യക്തമല്ല എന്നാണ് ഉദ്യോഗസ്ഥർ പ്രതികരിച്ചിരുന്നത്. 15 ദിവസത്തിനുള്ളിൽ ഇ-ചലാൻ അയക്കണം എന്നാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നിഷ്കർഷിക്കുന്നതെങ്കിൽ കുമ്പളയിൽ അയച്ച ഫൈനുകൾ നിയമപരമല്ല.
അതിനിടെ കുമ്പളയിലെ വിഷയം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചെങ്കിലും, പിന്നീട് ഒന്നും ഉണ്ടായിട്ടില്ല. വിവരാവകാശ മറുപടിയിൻ 15 ദിവസത്തിനുള്ളിൽ ചലാൻ അയക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തന്നെ അറിയിച്ച സ്ഥിതിക്ക് മന്ത്രി കെ.ബി ഗണേഷ് കുമാർ വിഷയത്തിൽ എന്തു നടപടിയാകും സ്വീകരിക്കുക എന്നതാണ് ഇനി അറിയേണ്ടത്.