സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കുമെതിരെ വിമർശനം. കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകൾ പരാജയമെന്ന് ചർച്ചയിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി. കൃഷിമന്ത്രിയുടെ ഓഫിസിൽ കർഷകർ നടത്തിയ സമരം പാർട്ടിക്ക് നാണക്കേടായി. സംസ്ഥാന നേതൃത്വം രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നില്ലെന്നും വിമർശനമുയർന്നു. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഉറച്ച ഇടതുവോട്ടുകൾ ചോർന്നെന്ന് സംഘടനാ റിപ്പോർട്ടിൽ പറയുന്നു.
കമ്യൂണിസ്റ്റ് മന്ത്രിസഭ ഭരിക്കുമ്പോൾ ആണ് കൃഷിമന്ത്രിയുടെ ഓഫീസിൽ കർഷകർ സമരം നടത്തിയതെന്ന് ചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു.ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. പാർട്ടി സെക്രട്ടറി ചിലവ് ചുരുക്കി ട്രെയിനിൽ സഞ്ചരിക്കുമ്പോൾ എഐവൈഎഫ് സെക്രട്ടറി സംസ്ഥാനത്താകെ സഞ്ചരിക്കുന്നത് കാറിലാണ്. ഇത്രയധികം പണം മുടക്കി യാത്ര ചെയ്യാനുള്ള ശേഷി സംഘടനയ്ക്കുണ്ടോയെന്ന് ഒരു പ്രതിനിധി ചോദിച്ചു. രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നില്ലെന്നായിരുന്നു സംസ്ഥാനനേതൃത്വത്തിനെതിരായ വിമർശനം. ബ്രൂവറി വിഷയം ഇതിന് ഉദാഹരണമാണെന ചൂണ്ടിക്കാട്ടി.
താഴേത്തട്ടിലെ സഖാക്കളുടെ ആത്മവിശ്വാസം തകർക്കുന്ന നടപടിയാണിത്. തീരുമാനങ്ങൾ കമ്മിറ്റികൾക്ക് പുറത്ത് രൂപീകരിക്കുന്നുവെന്നായിരുന്നു മറ്റൊരു ആക്ഷേപം. പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി സംസ്ഥാന കൗൺസിൽ നിർദ്ദേശങ്ങൾ വരുന്നതായും പ്രതിനിധികൾ പറഞ്ഞു. കാനം മരിച്ച ശേഷം സെക്രട്ടറിയെ തിരഞ്ഞെടുത്തതിലെ തിടുക്കം അവമതിപ്പുണ്ടാക്കി.
ആലപ്പുഴയിലെ പരമ്പരാഗത വ്യവസായ മേഖലയെ വ്യവസായ വകുപ്പ് അവഗണിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രതിനിധികൾ കയർ വ്യവസായത്തെ കുഴിച്ച് മൂടിയെന്നും ആക്ഷേപമുന്നയിച്ചു. പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ. ആലപ്പുഴ പാർലമെൻ്റ് മണ്ഡലത്തിൻ ഉറച്ച LDF വോട്ടുകൾ ചോർന്നുവെന്ന് പരാമർശം ഉണ്ട്. ഹരിപ്പാട്, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിൽ പ്രകടമാണ്.
മാവേലിക്കരയിൽ തോൽവിക്ക് സംഘടനാ ദൗർബല്യങ്ങളും കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ തീരത്ത് കരിമണൽ ഖനനം പാടില്ലെന്ന് മുൻനിലപാട് തുടരുമെന്നും റിപ്പോർട്ടിലുണ്ട്. സമ്മേളനത്തിൽ ചർച്ച ഇന്നും തുടരും. ഉച്ചയ്ക്ക് പുതിയ ജില്ലാ കൗൺസിലിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും.