കൊച്ചി ചെല്ലാനത്ത് മന്ത്രി സജി ചെറിയാന് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി. തീരദേശ മേഖലയിലെ കടലാക്രമണത്തിൽ സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. താടിവച്ച് ഭ്രാന്തന്മാരെ പോലെയുള്ള ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് മന്ത്രിയുടെ രൂക്ഷ വിമർശനം.
സർക്കാർ പദ്ധതി 'ചെല്ലാനം മത്സ്യ ഗ്രാമ'ത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് മന്ത്രി സജി ചെറിയാൻ. മന്ത്രി ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചതും ഓഡിറ്റോറിയത്തിൽ നേരത്തെ തന്നെ ഇരിപ്പിടം പിടിച്ച പ്രതിഷേധക്കാർ കരിങ്കൊടിയുമായി പാഞ്ഞടുത്തു. മന്ത്രിയെ വളഞ്ഞ് മുദ്രാവാക്യം വിളിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ പൊലീസുകാർ പ്രതിഷേധക്കാരെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക്. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പങ്കെടുക്കുന്ന പരിപാടി ആയതിനാൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു. പക്ഷേ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരുടെ കൂട്ടത്തിൽ ഇരുന്ന പ്രതിഷേധക്കാരെ തിരിച്ചറിയാൻ പോലീസിനും കഴിഞ്ഞില്ല.