TOPICS COVERED

കൊച്ചിയിൽ ലോറിയിൽ നിന്നും റേഞ്ച് റോവർ പുറത്തിറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കേരള ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ. വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്ത ആളുകൾ ഇത്തരം ജോലി ചെയ്യുന്നതാണ്  പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു.

മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യറാണ് മരിച്ചത്. അപകടത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാലാരിവട്ടം സ്വദേശി ആൻഷാദാണ് വാഹനം ഓടിച്ചിരുന്നത്. മന:പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൻ എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.വാഹനം ട്രക്കിൽ നിന്ന് ഇറക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി പിന്നിൽ നിൽക്കുകയായിരുന്ന റോഷന്‍റെ ദേഹത്തുകൂടി നിയന്ത്രണം വിട്ടു പാഞ്ഞുവന്ന വാഹനം കയറിയിറങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന അനീഷിന് സാരമായ പരിക്കേറ്റു.

സംഭവത്തില്‍ സൈബറിടത്ത് വാഹനപ്രേമികളുടെ ചര്‍ച്ച നടക്കുന്നുണ്ട്.  ലോറിയിൽനിന്നു കാറുകൾ ഇറക്കാനുള്ള അവകാശം തങ്ങൾക്കാണെന്നാണ് ഹെഡ്‌ലോഡ് തൊഴിലാളികളുടെ വാദം. വില കൂടിയ കാറുകൾക്ക് 4000 രൂപയും ചെറിയ കാറുകൾക്ക് 2000 രൂപയുമാണ് ഏകദേശ ഇറക്കുകൂലി. വിദഗ്ധ ഡ്രൈവർമാരെ നിയോഗിച്ചാൽപോലും നോക്കുകൂലി നൽകേണ്ടിവരും.

റാംപിൽ പലയിടത്തും ചെറിയ ഹംപുകളുള്ളതിനാൽ കൂടുതൽ ആക്സിലറേറ്റ് ചെയ്യേണ്ടിവരുന്നതും അപകടകാരണമാകാം. കൈകാര്യം ചെയ്തു പരിചയമുള്ള ഡീലർഷിപ്പിലെ ടെക്നിഷ്യൻ തന്നെ ഇത്തരം കാറുകൾ ഇറക്കുന്നതാണ് സുരക്ഷിതം. കൊച്ചിയിൽ അപകടത്തിൽപെട്ടത് നാലരക്കോടിയുടെ കാറാണ്.

ലോറിയിൽ കൊണ്ടുവരുന്ന വാഹനങ്ങൾ ഡീലർഷിപ്പിലേക്ക് എത്തിക്കാൻ ട്രേഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഡീലർഷിപ്പിലെ ജീവനക്കാരാണ് ഈ സമയത്തു വാഹനം ഓടിക്കേണ്ടതെങ്കിലും ഇതും തങ്ങളുടെ അവകാശമായി യൂണിയൻകാർ ഏറ്റെടുക്കുന്നു. ഇങ്ങനെ വണ്ടി കൊണ്ടുവരുമ്പോഴും അപകടമുണ്ടായിട്ടുണ്ട്. തൊഴിലാളികൾ വണ്ടിയിറക്കുന്നുവെങ്കിൽ അവർ അതിനുള്ള സാങ്കേതിക വൈദഗ്ധ്യം നേടിയിരിക്കണമെന്നാണ് ഡീലർമാരുടെ നിലപാട്.കൊച്ചിയിൽ അപകടത്തിൽ തകർന്ന കാർ ഇനി നന്നാക്കിയാലും ബുക്ക് ചെയ്ത കസ്റ്റമർക്കു വേറെ കാർ നൽകേണ്ടിവരും. കേസും ഇൻഷുറൻസ് പ്രശ്നങ്ങളും തീരുന്നതുവരെ അഞ്ചു കോടിയോളം രൂപ തങ്ങളുടേതല്ലാത്ത കുറ്റത്തിനു ബാധ്യതയായി വരുന്ന സ്ഥിതിയാണെന്നും ഡീലർമാർ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം ആഡംബരകാര്‍ ഇറക്കുന്നതിനിടെ ജീവനക്കാരന്‍ മരിച്ച കേസ് കലക്ടര്‍ അന്വേഷിക്കും. എന്നാല്‍ അപകടം തൊഴിലാളികളുടെ മേല്‍ വച്ചുകെട്ടാന്‍ ശ്രമം നടക്കുന്നതായി  ചുമട്ടുതൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്‍റ് . C.K.മണിശങ്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ ഓൺറോഡ് വില തന്നെ 4 കോടി രൂപയോളം രൂപ വരും. ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് . പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കാറിന്റെ 4 ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു. ഡ്രൈവിങ്ങ് വശമുണ്ടെന്ന് കരുതി ഇത്തരം വാഹനങ്ങൾ ഓടിക്കാൻ സാധിക്കില്ല. ഇതിന് ചില മോഡുകളും രീതികളുമുണ്ട്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും അതിനാല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

ENGLISH SUMMARY:

tragic accident in Kochi where showroom staff member Roshan Antony Xavier died while unloading a Range Rover from a truck, the Kerala Automobile Dealers Association clarified that untrained workers handling such tasks is the root cause of such mishaps. The accident occurred when the high-end vehicle ran over Roshan while he was giving directions behind the car. Despite being rushed to hospital, he could not be saved, while another staff member, Aneesh, was seriously injured.